അലൈഡ് ഹെല്‍ത്ത് കോഴ്സ്​: രജിസ്‌ട്രേഷന്‍ രണ്ടു മാസത്തിനകമെന്ന് ആരോഗ്യ മന്ത്രി

അലൈഡ് ഹെല്‍ത്ത് കോഴ്സ്​: രജിസ്‌ട്രേഷന്‍ രണ്ടു മാസത്തിനകമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ അലൈഡ് ഹെല്‍ത്ത് കോഴ്സുകള്‍ പഠിച്ചവര്‍ക്ക് സംസ്ഥാനത്തെ പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കേരളത്തിന് പുറത്ത് അലൈഡ് ഹെല്‍ത്ത് കോഴ്സ് പഠിച്ചവര്‍ക്ക് സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ആരോഗ്യ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റും വേണം. വിദേശത്ത് ജോലി തേടിപ്പോകാനും ഇത് ആവശ്യമാണ്. ഇതിനായി ദേശീയതലത്തില്‍ പുതിയ നിയമവും നാഷനല്‍ അലൈഡ് ഹെല്‍ത്ത് ആന്‍ഡ് പാരാമെഡിക്കല്‍ കമീഷനും മാര്‍ച്ചില്‍ നിലവില്‍വന്നു.

അതി​െന്‍റ ഭാഗമായി സംസ്ഥാനത്ത് സ്​റ്റേറ്റ് അലൈഡ് ഹെല്‍ത്ത് ആന്‍ഡ് പാരാമെഡിക്കല്‍ കമീഷന്‍ നിലവില്‍ വരും. രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നതാധികാര കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം രജിസ്‌ട്രേഷന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും.

കേരള ആരോഗ്യ സര്‍വകലാശാലയുടെ തുല്യത സര്‍ട്ടിഫിക്കറ്റിന് 2015ല്‍ തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എ.കെ.എം. അഷ്​റഫി​ന്‍റെ ശ്രദ്ധക്ഷണിക്കലിന്​ ​നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.