മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം:

മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം:

ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് നടത്തിപ്പുകാരിക്കെതിരേയും പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീനയ്ക്കെതിരേയാണ് കേസ്. ഇവരുടെ ഒത്താശയോടെയാണ് ലോഡ്ജിൽ പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.

ക്രിസ്റ്റീനയുൾപ്പടെ മൂന്നു പ്രതികൾ ഒളിവിലാണ്. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ തുടങ്ങിയവരാണ് പിടിയിലാകാനുള്ളത്. രണ്ടാം പ്രതി ആലപ്പുഴ സ്വദേശി സലിംകുമാറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ ഇൻഫോപാർക്ക് സി.ഐ ടി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. ഇവർ താമസിച്ചിരുന്ന മുറികൾ പോലീസ് പൂട്ടി സീൽ ചെയ്തു.

27 വയസ്സുള്ള മലപ്പുറം സ്വദേശിനിയെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. യുവതി വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു. ഇൻഫോപാർക്കിന് സമീപം വാടകക്കെട്ടിടത്തിൽ ക്രിസ്റ്റീന നടത്തിയിരുന്ന ലോഡ്ജിലാണ് ബലാത്സംഗം നടന്നത്.

28-ന് മലപ്പുറത്ത് നിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയോട് ഫോട്ടോഗ്രാഫർ ചില അസൗകര്യങ്ങളറിയിക്കുകയും സലിംകുമാറിനെ പരിചയപ്പെടുത്തുകയുമായിരുന്നു. സലിംകുമാറാണ് ലോഡ്ജിൽ താമസമൊരുക്കിയത്. പിന്നീട് നടത്തിപ്പുകാരിയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി.

പ്രതികൾക്കെതിരേ ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലിൽവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതിന് ഐ.ടി. നിയമപ്രകാരവും കേസുണ്ട്. ഇവർക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.