കാനഡയിൽ ആദ്യമായി ട്രക്കോടിക്കുന്ന ആദ്യ മലയാളി പെൺകുട്ടി

കാനഡയിൽ ആദ്യമായി ട്രക്കോടിക്കുന്ന ആദ്യ മലയാളി പെൺകുട്ടി

 കാനഡയിലെ മഞ്ഞുമൂടിയ വളഞ്ഞു പുളഞ്ഞ  വഴികളിൽ 60 ടൺ ചരക്കുമായി ട്രക്കോടിക്കുന്ന സൗമ്യ ഒരു ചരിത്രമാണ്. കാനഡയിൽ ആദ്യമായി ട്രക്കോടിക്കുന്ന ആദ്യ മലയാളി പെൺകുട്ടി എന്ന ചരിത്രം. 52 അടി നീളമുള്ള ട്രെയിലറും 15 അടി നീളമുള്ള കാബിനും ഉൾപ്പടെ 22 ടയറുള്ള ഭീമൻ വാഹനവുമാണ് അമ്പലമുകൾ മണ്ണാലിൽ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളായ സൗമ്യ സജിയുടെ (24) കാനഡയിലെ പ്രയാണം.

ന്യൂട്രിഷൻ ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ് പഠിക്കാൻ 2019 ആഗസ്റ്റിലാണ് സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജിൽ നിന്നുള്ള ബസിൽ ഡ്രൈവർ സീറ്റിനടുത്തിരുന്ന് ഡ്രൈവർമാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയിൽ സ്ത്രീകൾ വലിയ വാഹനങ്ങളോടിക്കുന്നതിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് കാനഡയിലെ മലയാളിക്കൂട്ടായ്മയിൽ നിന്ന് ട്രക്ക് ഡ്രൈവിംഗിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു.

ബി.പി.സി.എൽ കാന്റീൻ ജീവനക്കാരനായ സജിമോൻ കഷ്ടപ്പാടിനിടയിലാണ് മകളെ കാനഡയ്‌ക്കയച്ചത്. കാനഡയിൽ രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിംഗ് കോഴ്സിന് മാത്രം അഞ്ചു ലക്ഷം രൂപയായിരുന്നു ചെലവ്. പഠനത്തിനൊപ്പം ട്രക്ക് ഡ്രൈവിംഗ് പഠിക്കാനുള്ള ചെലവ് സൗമ്യയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. എന്നാൽ കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും ഒപ്പം നിന്നതോടെ അവളുടെ സ്വപ്നം സഫലമായി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ് തിരുവാങ്കുളത്തെ സാമൂഹ്യകൂട്ടായ്മ പ്രവർത്തകയായ സൗമ്യ.