കോഴിക്കോട്ട് 12 കാരന്‍ മരിച്ചത് നിപ ബാധിച്ച്‌; 17 പേര്‍ നിരീക്ഷണത്തില്‍; കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത

കോഴിക്കോട്ട് 12 കാരന്‍ മരിച്ചത് നിപ ബാധിച്ച്‌; 17 പേര്‍ നിരീക്ഷണത്തില്‍; കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത

കേരളത്തില്‍ വീണ്ടും നിപ ഭീഷണി. 12 കാരന്‍ നിപ ബാധിച്ച്‌ മരിച്ചു. ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടി ഞായറാഴ്ച പുലര്‍ചെയോടെയാണ് മരണപ്പെട്ടത്. കുട്ടിക്ക് നിപ ബാധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥിരീകരിച്ചു. നാല് ദിവസം മുമ്ബാണ് കടുത്ത പനിയോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരിച്ച 12 കാരന്റെ ചാത്തമംഗലം വാര്‍ഡ് പരിധിയിലെ വീടിന് സമീപത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. വീടിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ബാരികേഡ് ഉപയോഗിച്ച്‌ റോഡുകള്‍ പൂര്‍ണമായും അടച്ചു. ചാത്തമംഗലം വാര്‍ഡ് പൂര്‍ണമായും അടയ്ക്കുകയും എട്ട്, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. അതേസമയം കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കുട്ടിയുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പെട്ട 17 പേര്‍ നിരീക്ഷണത്തിലാണ്. അഞ്ച് പേര്‍ക്ക് കുട്ടിയുമായി പ്രാഥമിക സമ്ബര്‍ക്കം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആശുപത്രികളില്‍ കുട്ടി ചികിത്സ നേടിയിട്ടുള്ളതിനാല്‍ സമ്ബര്‍ക്ക പട്ടിക നീളാന്‍ സാധ്യതയുണ്ട്.

രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ആക്ഷന്‍ പ്ലാന്‍ ആരോഗ്യവകുപ്പ് തയ്യാറാക്കി. കേന്ദ്ര സര്‍കാര്‍ നിയന്ത്രണത്തിലുള്ള സെന്‍്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

കോഴിക്കോട് സൗത് ബീചിന് സമീപം കണ്ണമ്ബറമ്ബ് ഖബര്‍സ്ഥാനില്‍ കുട്ടിയുടെ മൃതദേഹം ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. 2018 ല്‍ രോഗം ബാധിച്ച്‌ മരിച്ചവരെയും ഇവിടെയാണ് ഖബറടക്കിയത്.