എട്ടുവയസുകാരനെ ആക്രമിച്ച് സ്രാവ്, മുഖത്തിടിച്ച് രക്ഷപ്പെട്ട് കുട്ടി

എട്ടുവയസുകാരനെ ആക്രമിച്ച് സ്രാവ്, മുഖത്തിടിച്ച് രക്ഷപ്പെട്ട് കുട്ടി

എട്ട് വയസ്സുള്ള ഒരു ആൺകുട്ടി സ്രാവി(shark)ന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തന്നെ ആക്രമിക്കാൻ വന്ന സ്രാവിന്റെ മുഖത്ത് ശക്തിയായി ഇടിച്ചാണ് ധീരനായ അവൻ അതിനെ നേരിട്ടത്. ഞായറാഴ്‌ച തായ്‌ലൻഡിലെ ഫുക്കറ്റി(Phuket, Thailand) -ൽ പിതാവിനൊപ്പം കടലിൽ നീന്തുകയായിരുന്ന നാപത് ചയ്യാരക് ക്രിസ്റ്റെങ്കോ (Napat Chaiyarak Christenko). എന്നാൽ, അപ്പോഴാണ് ഒരു സ്രാവ് അപ്രതീക്ഷിതമായി അവന് നേരെ ആക്രമിക്കാൻ പാഞ്ഞു വന്നത്. സ്വാഭാവികമായും വലിയവർ പോലും പതറിപ്പോകാവുന്ന സന്ദർഭമാണ് അത്. എന്നാൽ, മരണത്തെ മുഖാമുഖം കണ്ടിട്ടും ഭയക്കാതെ അവൻ തന്നെ ആക്രമിച്ച സ്രാവിനെ തിരിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തി.  

സ്രാവ് ആൺകുട്ടിയുടെ അടുത്തേയ്ക്ക് വന്ന്, അവന്റെ വലത് കാലിൽ പല്ലുകൾ ആഴ്ത്തി. അവൻ കുതറിയിട്ടും വിടാതെ അത് അവന്റെ കാലിൽ തന്നെ പിടിമുറുക്കി. കുട്ടി വേദന കൊണ്ട് നിലവിളിച്ചു. സ്രാവിൽ നിന്ന് കുതറി മാറാൻ അവൻ ആവതും ശ്രമിച്ചു. എന്നിട്ടും പക്ഷേ ഫലമുണ്ടായില്ല, അത് പിടി വിട്ടില്ല. കടലിലെ വെള്ളത്തിൽ അവന്റെ രക്തത്തിന്റെ ചുവപ്പ് പടർന്നു. ഒടുവിൽ രക്ഷയില്ലാതെ, സ്രാവിന്റെ മുഖത്ത് ശക്തമായി ഇടിച്ചു അവൻ. ഇടി കിട്ടിയതും അത് പിടിവിട്ട് കടലിന്റെ ആഴങ്ങളിലേയ്ക്ക് അപ്രത്യക്ഷമായി. അപ്പോഴേക്കും അവൻ ആകെ തളർന്നിരുന്നു. രക്ഷിതാക്കൾ ചേർന്ന് കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു.  

സംഭവത്തിൽ അവൻ ആകെ വിരണ്ടു പോയെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചത് കൊണ്ട് ജീവൻ തിരിച്ച് കിട്ടി. മെഡിക്കൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി. ആൻഡമാൻ കടലിൽ പലപ്പോഴും കാണപ്പെടുന്ന പെട്ടി സ്രാവോ അല്ലെങ്കിൽ ബുൾ ഷാർക്കോ ആണ് നാപതിനെ കടിച്ചതെന്ന് ഡോക്ടമാർ പറഞ്ഞു.  ഇപ്പോൾ പ്രജനന കാലമായതിനാൽ സ്രാവുകൾ വളരെ അക്രമാസക്തമാണെന്ന് ഫൂക്കറ്റ് മറൈൻ ബയോളജിക്കൽ സെന്റർ ഡയറക്ടർ ഡോ. കോങ്കിയാറ്റ് കിറ്റിവത്തനാവോങ് പറഞ്ഞു.

"സർഫ് സോണുകളിൽ കാണപ്പെടുന്ന സ്രാവുകൾ സാധാരണയായി മത്സ്യത്തെ വേട്ടയാടാറുണ്ട്. ആൺകുട്ടിയുടെ കാല് കണ്ടപ്പോൾ മത്സ്യമാണെന്ന് തെറ്റിദ്ധരിച്ച് കടിച്ചതാകാം. എന്നാൽ, അവൻ വളരെ ധൈര്യശാലിയാണ്. ആക്രമിക്കപ്പെടുന്നതിനിടയിലും സ്രാവിനെ തിരിച്ച് ആക്രമിച്ചതായി അവൻ ഞങ്ങളോട് പറഞ്ഞു" അദ്ദേഹം പറഞ്ഞു. മുകളിലും താഴെയുമുള്ള മൂർച്ചയേറിയ പല്ലുകൾ ഒരുമിച്ച് ഉപയോഗിച്ചാണ് സ്രാവ് ആക്രമണം നടത്തിയത്. അതുകൊണ്ടാണ് ആഴത്തിൽ മുറിവുകൾ ഉണ്ടായത്. മുറിവുകളിൽ 33 തുന്നലുകളുണ്ട്‌. സംഭവസ്ഥലത്തിന് സമീപം ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ജില്ലാ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് കൂടുതൽ സ്രാവുകൾ ഇല്ലെന്ന് ഉറപ്പാക്കാനും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഫുക്കറ്റിൽ സ്രാവുകളുടെ ആക്രമണം വളരെ വിരളമാണ് എന്നവർ പറയുന്നു.