ഇന്ത്യ യുക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ൻ അംബാസിഡർ;പ്രവർത്തനം നിർത്തി നെറ്റ്ഫ്ലിക്സ്

ഇന്ത്യ യുക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ൻ അംബാസിഡർ;പ്രവർത്തനം നിർത്തി നെറ്റ്ഫ്ലിക്സ്

ദില്ലി: ഇന്ത്യ യുക്രെയ്ൻഅനൂകുല നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ൻ അംബാസിഡർ ഇഗോർ പോളിഖാ.ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു  ഇഗോർ പോളിഖാ. യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കണം.  സുമിയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിൽ താൻ വ്യക്തിപരമായി ഇടപെടൽ നടത്തുന്നുണ്ട്

ശക്തമായ ചെറുത്ത് നിൽപ്പാണ്  യുക്രെയ്ൻ ജനത നടത്തുന്നതെന്നും അംബാസിഡർ ഇഗോർ പോളിഖാ പറഞ്ഞു. റഷ്യ ഈ ചെറുത്ത് നിൽപ്പ് പ്രതീക്ഷിച്ചില്ല. ജനവാസകേന്ദ്രങ്ങൾ  റഷ്യ ആക്രമിക്കുകയാണ്. സമാധാനചർച്ച നടക്കുമ്പോൾ പോലും ആക്രമണം നടത്തി. 

ഇതിനിടെ റഷ്യയിലെ പ്രവർത്തനം നെറ്റ്ഫ്ലിക്സ് നിർത്തി .ലൈവ് സ്ട്രീമിങ് നിർത്തി ടിക് ടോകും പ്രതിഷേധം വ്യക്തമാക്കി.
അമേരിക്കൻ എക്സ്പ്രസ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പി്കുകയും ചെയ്തു.

അതസമയം സുമിയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കൽ ഉടൻ നടന്നേക്കും. സജ്ജരായിരിക്കാൻ വിദ്യാർഥികൾക്ക് നിർദേശമെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പോൾട്ടോവയിൽ ക്യാമ്പ് ചെയ്യുകയാണ്. ഒഴിപ്പിക്കലിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പോൾട്ടോവയിലേക്ക് നാല് ബസുകൾ പുറപ്പെട്ടു കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും  കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 

700 വിദ്യാർഥികൾ സൂമിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. അതെ സമയം കിവിൽ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ ഇന്ന് തിരികെ എത്തിക്കും.കേന്ദ്ര മന്ത്രി വി.കെ സിങ്ങിനൊപ്പമാകും ഹർജോത് സിങ്ങ്തിരികെ എത്തുക. പിന്നാലെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റും.അതെ സമയം യുക്രെയ്ൻ അതിർത്തി രാജ്യങ്ങൾ വഴിയുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്

‌അതേസമയം യുക്രെയ്നിലെ യുദ്ധം ശമനമില്ലാതെ തുടരുകയാണ്. കീവും കാർക്കീവും അടക്കം ജനവാസ കേന്ദ്രങ്ങളിൽ രാത്രി ശക്തമായആക്രമണം ഉണ്ടായി. ഇതിനിടെ ചുഗുവേവ് പട്ടണം തിരികെപിടിച്ചെന്ന് യുക്രെയ്ൻ അറിയിച്ചു. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്ന് വീണ്ടും സെലൻസ്കി ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യ, യുക്രെയ്ൻ മൂന്നാംവട്ട സമാധാനചർച്ച ഇന്ന് നടക്കും

യുക്രെയ്നിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ ഗംഗയിലൂടെ 1400 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.7 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും.ഇതുവരെ 76 വിമാനങ്ങളിലായി 15,920 പേരെ തിരികെയെത്തിച്ചു.ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക്കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. രണ്ട് വിമാനങ്ങൾ മുംബൈയിലാണ് എത്തുക. കൂടുതൽ വ്യോമസേന വിമാനങ്ങൾ വരും ദിവസങ്ങളിൽ രക്ഷാദൗത്യത്തിൽ ഭാഗമാകും