സെഞ്ചുറി തേടി എൽഡിഎഫ്, കോട്ട കാക്കാൻ യൂഡിഎഫ്, വോട്ട് കൂട്ടാൻ എൻഡിഎ; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

സെഞ്ചുറി തേടി എൽഡിഎഫ്, കോട്ട കാക്കാൻ യൂഡിഎഫ്, വോട്ട് കൂട്ടാൻ എൻഡിഎ; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

കൊച്ചി: ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവിൽ തൃക്കാക്കര ജനത നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തിൽ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ 7.30 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുളളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം.

സെഞ്ചുറി കുറിക്കുമെന്ന് എൽ ഡി എഫ്, പൊന്നാപുരം കോട്ടയെന്ന് യുഡിഎഫ്

തൃക്കാക്കര ജനത പോളിംഗ് ബൂത്തിലെത്താൻ ഒരു ദിനം മാത്രം ശേഷിക്കെ വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികൾ. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.

കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ തൃക്കാക്കരയില്‍ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. അന്തിമ കണക്കെടുപ്പിനൊടുവില്‍ ഡിസിസി നേതൃത്വം കെപിസിസിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഉമയ്ക്ക് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉറപ്പു പറയുന്നു. സ്ത്രീ വോട്ടര്‍മാരിലടക്കം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചനയാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഉളളത്. അങ്ങിനെയങ്കില്‍ 2011ല്‍  ബെന്നി ബെഹനാന്‍ നേടിയ ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷവും ഉമ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു യുഡിഎഫ്.

അടിത്തട്ട് ഇളക്കി നടത്തിയ പ്രചാരണത്തിന്‍റെ സ്വാധീനം കലാശക്കൊട്ടിലും കണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച ശേഷമാണ് സിപിഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നത്. ആദ്യ കണക്കില്‍ നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നതെങ്കില്‍ അന്തിമ കണക്കില്‍ ആയിരം വോട്ടിന്‍റെ കൂടി മേധാവിത്വം അവകാശപ്പെടുന്നുണ്ട് സിപിഎം. ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്‍റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഎം വിലയിരുത്തുന്നു.

പി സി ജോര്‍ജിലാണ് ബിജെപി പ്രതീക്ഷ. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി കണക്ക്. രാധാകൃഷ്ണന്‍റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അത് മുപ്പതിനായിരം വരെ എത്തിയാലും അതിശയിക്കേണ്ടി വരില്ലെന്നും പറഞ്ഞു വയ്ക്കുന്നു.അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും എന്ന് പറയാൻ മടിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയത്. കോൺഗ്രസിന്‍റെ കോട്ടകൾ തകർന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും ഇക്കുറി എൽഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞുവച്ചു.അതേസമയം പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇന്നലെ പറഞ്ഞത്. കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന്  അറിയാന്‍  കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.