ഉത്തരേന്ത്യയിൽ കൊടുംചൂട്; ജമ്മു കശ്മീരിലടക്കം 46 ഡിഗ്രി ചൂട്, യുപിയിൽ 47.4 ഡിഗ്രി

ഉത്തരേന്ത്യയിൽ കൊടുംചൂട്; ജമ്മു കശ്മീരിലടക്കം 46 ഡിഗ്രി ചൂട്, യുപിയിൽ 47.4 ഡിഗ്രി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുന്നു. ഇന്നലെ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ജമ്മു കശ്മീർ, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില. കഴിഞ്ഞ ആറ് ആഴ്ച്ചയായി ദില്ലിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. പശ്ചിമ രാജസ്ഥാൻ, ദില്ലി ,ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി. നാളെ വരെ ഇവിടെ ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നിറിയിപ്പ്. മറ്റന്നാൾ മുതൽ മഴ എത്തുന്നതോടെ ചൂട് കുറയുമെന്നാണ് പ്രവചനം. ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതൽ പഞ്ചാബിൽ സ്കൂളുകളിൽ വേനൽ അവധി പ്രഖ്യാപിച്ചു.

കേരളത്തിൽ മഴ കനക്കും

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ഞായറാഴ്ച ( മെയ് 1) വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.