സൗദി അറേബ്യയില്‍ ബിനാമി കച്ചവടം നടത്തിയ പ്രവാസി അറസ്റ്റിൽ

സൗദി അറേബ്യയില്‍ ബിനാമി കച്ചവടം നടത്തിയ പ്രവാസി അറസ്റ്റിൽ

റിയാദ്: ബിനാമി ഇടപാടിലേർപ്പെട്ട ബംഗ്ലാദേശ് പൗരൻ റിയാദിൽ പിടിയിലായി. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) റഫ്രിജറേഷൻ ടെക്നിഷ്യൻ എന്ന തസ്‍തിക രേഖപ്പെടുത്തിയ ഇയാൾ പച്ചക്കറി വിപണന മേഖലയിൽ ബിനാമി ബിസിനസ് നടത്തിവരവെയാണ് പിടിയിലായതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 

ഇയാളുടെ വാഹനത്തിൽ നിന്ന് മൂന്ന് ലക്ഷം റിയാലും അക്കൗണ്ടിങ് സംബന്ധിച്ച ബുക്കുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമി ഇടപാടാണെന്ന് കണ്ടെത്തിയത്. റിയാദ് നഗരത്തിന്റെ തെക്ക് ഭാഗമായ അസീസിയയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുകയും കിഴക്കൻ പ്രവിശ്യയിലേക്ക് ദിവസേന കയറ്റി അയക്കുകയുമായിരുന്നു ഇയാളുടെ ബിസിനസ്. ഇങ്ങനെയുള്ള വ്യാപാരത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ ഭാഗമാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയ പണമെന്ന് ഇയാൾ സമ്മതിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

തുടരന്വേഷണത്തിൽ ഒരു സൗദി പൗരനാണ് സ്ഥാപന ഉടമയെന്നും എന്നാൽ ബംഗ്ലാദേശ് പൗരനെ പച്ചക്കറി, പ്ലമ്പിങ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കച്ചവടം നടത്താൻ ലൈസൻസില്ലാതെ ബിനാമി ഇടപാടായി അനുവദിക്കുകയായിരുന്നു എന്നും കണ്ടെത്തി. സ്ഥാപനത്തിന്‍റെ ഉടമയെന്ന നിലയിലാണ് വിദേശി പെരുമാറി വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് ശേഖരിക്കുകയും ട്രാന്‍സ്‍ഫർ ചെയ്യുകയും ചെയ്തതായി തെളിഞ്ഞു. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബിനാമി വിരുദ്ധ വ്യവസ്ഥ പ്രകാരം ഇരുവർക്കുമെതിരെ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുകയും ചെയ്തു. 

ബംഗ്ലാദേശ് സ്വദേശിയെ അഞ്ച് മാസത്തെ തടവിനുശേഷം നാട് കടത്താൻ കോടതി വിധിച്ചു. സൗദിയിലേക്ക് പുനഃപ്രവേശന വിലക്കോടെയാണ് നാടുകടത്തൽ. കൂടാതെ പ്രതികൾക്ക് 80,000 റിയാൽ പിഴ ചുമത്താനും അവരുടെ ചെലവിൽ ഈ വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും സ്ഥാപനം അടച്ചുപുട്ടാനും സൗദി പൗരന്റഎ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കാനും സക്കാത്ത്, വാറ്റ് എന്നിവ വസൂലാക്കാനും കോടതി വിധിച്ചതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.