'നികൃഷ്ടമല്ലേ യുഡിഎഫിന്‍റെ പ്രചാരണരീതി', വ്യാജ വീഡിയോ അറസ്റ്റിൽ കോടിയേരി

'നികൃഷ്ടമല്ലേ യുഡിഎഫിന്‍റെ പ്രചാരണരീതി', വ്യാജ വീഡിയോ അറസ്റ്റിൽ കോടിയേരി

കണ്ണൂർ: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജവീഡിയോ അപ്‍ലോഡ് ചെയ്ത മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫിന്‍റെ അറസ്റ്റ് യുഡിഎഫിന്‍റെ നികൃഷ്ടമായ പ്രചാരണരീതിയാണ് കാണിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാജയഭീതി കാരണം നികൃഷ്ടമായ രീതിയിൽ യുഡിഎഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കഴിഞ്ഞ തവണ വോട്ട് ചെയ്യാനെത്താത്തവർ പോലും ഇത്തവണ എത്തും. കനത്ത പോളിംഗ് എൽഡിഎഫിന് അനുകൂലമെന്നും കോടിയേരി പറയുന്നു. 

സൈബര്‍ അക്രമി സംഘത്തെ പോഷകസംഘടനയായി കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവരാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചതെന്നും ശക്തമായി വാദിക്കുകയാണ് സിപിഎം. വീഡിയോ വിവാദം നേട്ടമാകുമെന്നാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ. എന്നാല്‍ വ്യാജവീഡിയോ പുറത്തുവിട്ടവരെ കണ്ടെത്തിയാല്‍ സിപിഎമ്മുകാര്‍ തന്നെ പ്രതിയാകുമെന്നാണ് പ്രതിപക്ഷനേതാവ് തിരിച്ചടിക്കുന്നത്. ചവറയില്‍നിന്ന് പിടികൂടിയത് സിപിഎമ്മുകാരനെയാണെന്നും വി. ഡി. സതീശന്‍ പറഞ്ഞു. വ്യാജവീഡിയോകള്‍ പ്രചരിപ്പിക്കുന്ന രീതി സിപിഎമ്മിന്റെ സൈബര്‍ വിഭാഗത്തിന്‍റേതാണെന്നും സ്ഥാനാര്‍ഥിക്കെതിരായ വീഡിയോ നിര്‍മിച്ചതാരെന്ന് കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.