ഉമ്മൻ ചാണ്ടിക്കെതിരെ പി ജെ കുര്യൻ: കിട്ടുമായിരുന്ന ഉപരാഷ്ട്രപതിസ്ഥാനം അട്ടിമറിച്ചു, രാജ്യസഭാ സീറ്റ് നിഷേധിച്ചു

ഉമ്മൻ ചാണ്ടിക്കെതിരെ പി ജെ കുര്യൻ: കിട്ടുമായിരുന്ന ഉപരാഷ്ട്രപതിസ്ഥാനം അട്ടിമറിച്ചു, രാജ്യസഭാ സീറ്റ് നിഷേധിച്ചു

ദില്ലി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകളുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ (PJ Kurian). തനിക്ക് കിട്ടുമായിരുന്ന ഉപരാഷ്ട്രപതിസ്ഥാനം ലഭിക്കാതിരിക്കാൻ കാരണം ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ഇടപെടലാണെന്നും പി.ജെ.കുര്യൻ പറയുന്നു. ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരം പുതിയ പുസ്തകത്തിലാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തൽ പി ജെ കുര്യൻ നടത്തുന്നത്. കുര്യൻ്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് സുഹൃത്തുകൾ മുൻകൈയ്യെടുത്താണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വന്ന രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ താത്പര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി തന്നെ നേരിൽ കണ്ട് അറിയിച്ചിരുന്നു. തുടര്‍ചര്‍ച്ചകൾക്കായി തന്നോടെ പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മോദിക്ക് തന്നെ താത്പര്യമുണ്ടായിരുന്നു. രണ്ടു തവണ ഇക്കാര്യം നഖ്വി തന്നോട് ആവശ്യപ്പെടുകയും ചെയ്തു. മുക്താര്‍ അബ്ബാസ് നഖ്വി എഴുതിയ പുസ്തകത്തിലും ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 

കേരളത്തിൽ വന്നപ്പോൾ താൻ ഉപരാഷ്ട്രപതിയാകേണ്ട ആളാണെന്ന് വെങ്കയ്യ നായിഡു പ്രസംഗിച്ചിരുന്നു. താൻ രാജ്യസഭയിലുണ്ടാവണമായിരുന്നുവെന്നും രാജ്യസഭാ ചെയര്‍മാനാവേണ്ടിയിരുന്ന ആളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.  ഈ സദസ്സിൽ ഉമ്മൻചാണ്ടിയും ഉണ്ടായിരുന്നു. പിന്നീട് ഈ പ്രസംഗം ഉമ്മൻ ചാണ്ടി തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തു. പ്രസംഗം ഗാന്ധി കുടുംബത്തിന് മുന്നിലേക്കെത്തിച്ച ഉമ്മൻ ചാണ്ടി. തെറ്റായ രീതിയിൽ അതിനെ വ്യാഖ്യാനിച്ചെടുക്കുകയും പാര്‍ട്ടി നേതൃത്വത്തിന് താൻ അനഭിമതനാവുകയും ചെയ്തു.  ഈ വിഷയത്തിൽ മുതിര്‍ന്ന നേതാവ് എകെ ആൻ്റണി തനിക്ക് വേണ്ടി ഇടപെട്ടില്ലെന്ന പരിഭവവും കുര്യൻ തുറന്നു പറയുന്നു.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാൻ താൻ താത്പര്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി തന്നെ വെട്ടിയെന്ന ആരോപണവും പുസ്തകത്തിൽ പി ജെ കുര്യൻ നടത്തുന്നുണ്ട്. കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് തങ്ങൾക്ക് ഇങ്ങോട്ട് നിര്‍ബന്ധിച്ച് തരികയായിരുന്നുവെന്നും ജോസ് കെ മാണി തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും കുര്യൻ പറയുന്നുണ്ട്. തങ്ങളുമൊരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും കുര്യൻ്റെ പുസ്തകത്തിൽ പറയുന്നുണ്ട്. തനിക്ക് രാജ്യസഭാ സീറ്റ് കിട്ടാനായി ഇടപെടുമെന്ന് രമേശ് ചെന്നിത്തല  വാഗ്ദാനം ചെയ്തെങ്കിലും സന്ദര്‍ഭം വന്നപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന് തന്നെ വെട്ടാനാണ് ചെന്നിത്തല ചെയ്തത്. 

രാഹുൽ ഗാന്ധിക്ക് നേരെയും വലിയ വിമര്‍ശനമാണ് പുസ്തകത്തിൽ കുര്യൻ നടത്തുന്നത്. രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേ പോലെ ഒപ്പം നിര്‍ത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന വിമര്‍ശനവും ജി23 കൂട്ടായ്മയെ പിന്തുണയ്ക്കുന്ന കുര്യൻ നടത്തുന്നുണ്ട്.