സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും വർദ്ധിച്ചു, ഒറ്റയടിക്ക് ഉയർന്നത് 1000 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും വർദ്ധിച്ചു, ഒറ്റയടിക്ക് ഉയർന്നത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Price Today) ഇന്ന് രണ്ടാം തവണയും വർധിപ്പിച്ചു. വലിയ വർധനവാണ് റഷ്യ  യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ (Russia Ukraine Crisis) 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇന്നലെ നേരിയ തോതിൽ ഇടിഞ്ഞ ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയർന്ന് 4685 രൂപ നിരക്കിലാണ് വിൽപ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേർന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചെന്റസ് അസോസിയേഷൻ ആഗോള തലത്തിലെ സാഹചര്യങ്ങൾ പരിഗണിച്ച്  സ്വർണ്ണ വില വീണ്ടും വർദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോൾ 22 കാരറ്റ് സ്വർണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 125 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വർധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വർണ്ണവില പവന് ആയിരം രൂപ വർദ്ധിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തിൽ  അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് ഇനിയും വില വർധിക്കുമെന്നാണ് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നത്. 4600 രൂപയിലാണ് ഇന്നലെ സ്വർണം വിപണനം നടന്നത്.

ഒരു പവന് 36800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവൻ സ്വർണത്തിന് വിലയിൽ 680 രൂപയുടെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവൻ സ്വർണ വില വർധിച്ചു. റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്രതലത്തിൽ ഇനിയും സ്വർണത്തിന് വില വർധിക്കാൻ സാഹചര്യമൊരുക്കുന്നത് എന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.

Russia Declared War Against Ukraine : യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ, ആശങ്കയിൽ ലോകം

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഈ വില ഉയർന്ന് 3870 രൂപയിലാണ്. 70 രൂപയുടെ വർധനവാണ് ഗ്രാം വിലയിൽ രാവിലെ  ഉണ്ടായിരിക്കുന്നത്. പകൽ 11 മണിയോടെ സ്വർണ്ണ വിലയിൽ 30 രൂപ കൂടി ഗ്രാമിന് വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 3900 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണ്ണവിലയിൽ ഇന്ന് രണ്ടു തവണയായി 800  രൂപയുടെ വർധനവുണ്ടായി.

ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. വെള്ളി ഗ്രാമിന് 71 രൂപയാണ് ഇന്നത്തെ വില. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA). അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്.