ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌; പ്രതിസന്ധി പരിഹരിച്ചു തിരിച്ച് വരുമെന്നും ചെന്നിത്തല

ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌; പ്രതിസന്ധി പരിഹരിച്ചു തിരിച്ച് വരുമെന്നും ചെന്നിത്തല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ്  (Congress) നേതാവ് രമേശ്‌ ചെന്നിത്തല (Ramesh Chennithala). കോണ്‍ഗ്രസ് ആത്മപരിശോധന നടത്തും. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌ പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വർക്കിംഗ്‌ കമ്മിറ്റി കൂടി തുടർന്നടപടി സ്വീകരിക്കും. പാർട്ടിയെ ഊർജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ തുടങ്ങിവച്ച പ്രതിഷേധം താഴെത്തട്ടിലേക്കുമെത്തിയതിന്‍റെ സൂചനയാണ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കെതിരെ ജന്മനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പാർട്ടി ഓഫീസിലും എരുവേശി ഐച്ചേരി പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് തന്നെ കെസിയുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും  പോസ്റ്ററുകൾ ഒട്ടിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെസി വോണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

  

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസിന്. ഭരിച്ചതിൻറെയും നയിച്ചതിൻറെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാകുന്നു കോൺഗ്രസ്.

പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് പാർട്ടി പ്രസിഡന്റ് ഉയർത്തിയ പാർട്ടി പതാക താഴേക്ക് പതിച്ചത് കോൺഗ്രസിന്റെ വർത്തമാനകാല യാഥാർത്ഥ്യമെന്ന് കളിയാക്കിയവരുണ്ട്. അഞ്ചിലങ്കം കഴിയുമ്പോൾ അതൊന്നുകൂടി അച്ചട്ടാകുന്നു.ഉലയുന്ന കൊടിമരവും ഊർന്നുവീഴുന്ന പതാകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ പാർട്ടിയുടെ അടയാളമാകുന്നു. 

ഭരണത്തിലിരുന്ന് വേരൂന്നിയ ബിജെപിയെന്ന വടവൃക്ഷത്തെ തെല്ലനക്കാനെങ്കിലും മുന്നിൽ നിന്ന് നയിക്കാമെന്ന് കോൺഗ്രസിന് ഇനിയും പറയാനാകുമോ?വീണ്ടും വീണ്ടും തോൽക്കുന്നൊരു പാർട്ടിയുടെ പിന്നിൽ അണിനിരക്കാൻ അവരോടൊപ്പമുളളവരും മടിക്കും. ബഹുസ്വര ഇന്ത്യയുടെ കാവലിന് കോൺഗ്രസ് തന്നെ വേണമെന്ന തോന്നൽ സ്റ്റാലിനും പവാറുമെല്ലാം മറക്കുക കൂടി ചെയ്താൽ പൂർണം. വിശാല പ്രതിപക്ഷ ഐക്യത്തിന് തന്നെ ചിതയൊരുക്കുന്ന വീഴ്ചയാകുന്നു കോൺഗ്രസിൻറേത്.

എന്തിലൂന്നണം, എങ്ങനെ വോട്ടുചോദിക്കണം എന്നതിൽ കോൺഗ്രസിൻറെ ധാരണകളൊക്കെ തെറ്റി. അടവുമാറ്റങ്ങൾ ജനം തളളി. ഭരണവിരുദ്ധ വികാരത്തിൻറെ ആനുകൂല്യം മുതലെടുക്കാനായില്ല. തലമാറ്റ പരീക്ഷണങ്ങളിൽ, കയ്യിലുളളതും പോയി.സംഘടനാപരമായും രാഷ്ട്രീയമായും എത്രത്തോളം ദയനീയമാണ് കോൺഗ്രസിൻറെ അവസ്ഥയെന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി സാക്ഷ്യപ്പെടുത്തുന്നത്.