കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ; അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്ന് വിമര്‍ശനം

കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ; അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്ന് വിമര്‍ശനം

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ (Congress) കൂട്ടത്തോൽവിക്ക് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ (K C Venugopal) കണ്ണൂരിൽ പോസ്റ്റർ പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു .

കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ തുടങ്ങിവച്ച പ്രതിഷേധം താഴെതട്ടിലേക്കുമെത്തിയതിന്‍റെ സൂചനയാണ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കെതിരെ ജന്മനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.  ശ്രീകണ്ഠപുരം പാർട്ടി ഓഫീസിലും എരുവേശി ഐച്ചേരി പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് തന്നെ കെസിയുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും  പോസ്റ്ററുകൾ ഒട്ടിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെസി വോണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പോസ്റ്ററുകൾ രാവിലയോടെ പാർട്ടി പ്രവർത്തകർ നീക്കം ചെയ്തു.