കണ്ണീര്‍ വീണ റണ്‍വേക്ക് താഴെ അവര്‍ ഒത്തുകൂടി; ഉള്ളുപിടയുന്ന ഓര്‍മകളുമായി...

കണ്ണീര്‍ വീണ റണ്‍വേക്ക് താഴെ അവര്‍ ഒത്തുകൂടി; ഉള്ളുപിടയുന്ന ഓര്‍മകളുമായി...

കൊണ്ടോട്ടി: ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവരോട് നന്ദി പറഞ്ഞ് കണ്ണീര്‍വീണ റണ്‍വേക്ക് താഴെ അവര്‍ വീണ്ടും സംഗമിച്ചു, ഉള്ളുലയ്ക്കുന്ന ഓര്‍മകളുമായി. വേദനകള്‍ കടിച്ചമര്‍ത്തി ഒരുവര്‍ഷം ജീവിതത്തോട് പൊരുതിയത് വിവരിച്ചും ര‍ക്ഷകരായ നാട്ടുകാരോട് നന്ദി പറഞ്ഞും കരിപ്പൂര്‍ വിമാനദുരന്തത്തിലെ ഇരകള്‍ മനസ്സുതുറന്നപ്പോള്‍ എല്ലാവരുടെയും ഉള്ളൊന്നു പിടഞ്ഞു. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ മലബാര്‍ ഡവലപ്പ്മെന്‍റ് ഫോറമാണ് അപകടത്തില്‍ ഇരകളായവരുടെയും മരിച്ചവരുടെ കുടുംബങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും അപൂര്‍വ സംഗമത്തിന് വേദിയൊരുക്കിയത്. അപകടസ്ഥലത്തിന് സമീപം തന്നെയായിരുന്നു സംഗമം.

അപകടത്തില്‍ പരിക്കേറ്റ ഒട്ടുമിക്ക യാത്രികരും സംഗമത്തിനെത്തി. അപകടവും ആശുപത്രിവാസവും തുടര്‍ചികില്‍സകളുമായി മുന്നോട്ടുപോകുന്നതിന്‍റെ കയ്പ്പേറിയ അനുഭവം പങ്കുവെച്ചു. അപകടസമയത്തെ നിലവിളിയും ഓരോരുത്തരും ജീവന് വേണ്ടി കേഴുന്ന രംഗവും ആ റണ്‍വേക്ക് താഴെ വച്ച്‌ വിവരിക്കുമ്ബോള്‍ കേട്ട് നിന്നവര്‍ക്കും കണ്ണീരുവീണു. യാത്രികരിലെ പലര്‍ക്കും വിമാനത്തിന്‍റെ ലാന്‍ഡിങ് നടക്കുമ്ബോഴുണ്ടായ ശബ്ദവും കുലക്കവുമാണ് ഒാര്‍മയുള്ളത്.

നാദാപുരം ഇയ്യങ്കോട് സ്വദേശി മുടോറ അഷ്റഫിന് വിമാന ലാന്‍ഡിങ് മാത്രമാണ് ഓര്‍മയുള്ളത്. പിന്നീട് 15 ദിവസത്തിന് ശേഷം ബോധം തിരിച്ച്‌ കിട്ടിയ ശേഷമാണ് താന്‍ യാത്ര ചെയ്ത വിമാനം അപകടത്തില്‍പ്പെട്ട കാര്യം പോലും തിരിച്ചറിയുന്നത്. സാരമായി പരിക്കേറ്റ അഷ്റഫിന് പത്ത് ഓപ്പറേഷനാണ് ഇതുവരെ കഴിഞ്ഞത്. ഇപ്പോഴും എണീറ്റ് നടക്കാനായില്ല. ഇങ്ങനെ വേദനയുടെ കയ്പ്പറിഞ്ഞവരാണ് സംഗമിച്ചത്. കൊണ്ടോട്ടി നഗരസഭ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തിലും വിമാനാപകടത്തിന് ഒരു വര്‍ഷം തികഞ്ഞ ശനിയാഴ്ച ഓര്‍മ ദിന പരിപാടി സംഘടിപ്പിച്ചു.

കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് എങ്ങിനെ നന്ദി പറയും

'മരണം മുഖാമുഖം കണ്ട സമയം, റണ്‍വേക്ക് താഴെ പതിച്ച വിമാനം കത്തിച്ചാമ്ബലാകുമോ എന്ന ഭയം, ജീവനായുള്ള നിലവിളിക്കിടയില്‍ രക്ഷകരായി നിരവധി കരങ്ങളുയര്‍ന്നു, ജീവന്‍ നിലനില്‍ക്കുവോളം കാലം ഈ പ്രദേശത്തുകാരെ മറക്കില്ല' സംഗമത്തിനെത്തിയ വളാഞ്ചേരി പെരുമ്ബാള്‍ സ്വദേശി ആഷിക്ക് രക്ഷാപ്രവര്‍ത്തകരെ കുറിച്ച്‌ പറയുമ്ബോള്‍ വാക്കുകള്‍ മുറിഞ്ഞു. സംഗമത്തിനെത്തിയവര്‍ക്കെല്ലാം രക്ഷരെക്കുറിച്ച്‌ പറയുമ്ബോള്‍ നൂറുനാവാണ്.

അപകടത്തില്‍പ്പെട്ടവരെ ഓരോരുത്തരെയും കോവിഡ് സാഹചര്യത്തിനിടയിലും ചേര്‍ത്ത്പിടിച്ച്‌ ആശുപത്രിയിലേക്ക് ഓടിയതിനെ എങ്ങിനെ മറക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ കരങ്ങള്‍ ചേര്‍ത്തുപിടിച്ചവരെ എന്നും ഓര്‍മിക്കാനായി കരിപ്പൂര്‍ പ്രദേശത്ത് ഒരു സ്ഥാപനം പണിയാനുള്ള ആഗ്രഹത്തിലാണ് അപകടത്തില്‍ ഇരയായവര്‍.

ഇനി എന്ത്

അപകടത്തില്‍ പരിക്കേറ്റവരുടെ മുന്നില്‍ ജീവിതം എങ്ങിനെ മറുതലക്കലെത്തിക്കുമെന്ന ചോദ്യം മാത്രമാണുള്ളത്. സംഗമത്തിനെത്തിയ പലര്‍ക്കും അക്കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ പകുതിയോളം പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കിട്ടിയവര്‍ക്കാകട്ടെ നാമമാത്ര തുകയും. പെരുമ്ബാള്‍ സ്വദേശി ആഷിക്ക് കൂടെ ജോലി ചെയ്തിരുന്ന സഹോദരന്‍ ഷഹീന്‍, അലി കൊയിലാണ്ടി, ഷംസുദ്ധീന്‍ കോഴിക്കോട് എന്നിവര്‍ കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ നാലു പേര്‍ക്കും നഷ്ടപരിഹാരമായി ഒന്നും ലഭിച്ചില്ല. ഇത് എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഒരു വര്‍ഷമായി ചികില്‍സയുമായി മുന്നോട്ടുപോകുന്നു. സംഗമത്തിനെത്തിയ ഭൂരിഭാഗം പേര്‍ക്കും ഈ സങ്കടം തന്നെയാണ് പറയാനുള്ളത്.