ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമ‍‍ർപ്പിക്കും

ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമ‍‍ർപ്പിക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഓൺലൈനിലൂടെ ആണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. കച്ചിലെ ആദ്യ ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആണിത്. ശ്രീ കച്ചി ലേവ പട്ടേൽ സമാജ് ആണ് ആശുപത്രി നിർമ്മിച്ചത്. പ്രദേശത്തെ ജനങ്ങൾക്ക് അതി വേഗം സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന ആശുപത്രിയിൽ 200 പേർക്ക് കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ കെ പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന പേരിലാകും ഇത് അറിയപ്പെടുക.

അതേസമയം ഇന്നലെ  രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ദില്ലി തീൻ മൂർത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മ്യൂസിയം കാണാനുള്ള ടിക്കറ്റ് എടുത്താണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാരുടെ  ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

ഓരോ പ്രധാനമന്ത്രിയുടെയും കഥ പറയുന്ന 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. പ്രധാനമന്ത്രിമാർക്ക്  ലഭിച്ച ഉപഹാരങ്ങൾ, പ്രധാനപ്പെട്ട സംഭവങ്ങളുടെ വിവരണമുള്ള വീഡിയോ, ചിത്രങ്ങൾ, ഓഡിയോ എന്നിവയുടെ പ്രദർശനവുമുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ധർമ്മ ചക്രമേന്തിയ കൈളാണ് മ്യൂസിയത്തിന്റെ ലോഗോ. ഉദ്ഘാടനത്തിന് ശേഷം ഇവിടെ ഒരുക്കിയിരിക്കുന്ന പ്രദർശനം നരേന്ദ്ര മോദി  കണ്ടു.

10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 271 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സംഭാവനകൾ ഓർമ്മിപ്പിക്കുന്നതാണ് മ്യൂസിയത്തിന്റെ ആദ്യ ബ്ലോക്ക്. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എക്‌സിക്യൂട്ടീവ് കൗൺസിൽ അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് മ്യൂസിയം തയ്യാറാക്കുന്നതിന് നേതൃത്വം നല്കിയത്. എന്നാൽ, തീൻമൂർത്തി ഭവനോട് ചേർന്ന് ബിജെപി സർക്കാർ പ്രധാനമന്ത്രി സംഗ്രാലയ നിർമ്മിക്കുന്നത് രാഷ്‌ട്രീയ നീക്കമാണെന്നാണ് കോൺഗ്രസ് വിമർശനം. രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാർക്കും അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നതാണെന്നാണ് ബിജെപിയുടെ മറുപടി.