പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ

പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ  കോടതിയിൽ

കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് സമ്മതിച്ച് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആർടിഒ എൻഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ  പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട് പറഞ്ഞു.

വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്‌സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാൻ ആകില്ലെന്നും ഇ ബുൾ ജെറ്റിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൾട്ടറേഷനുകൾ എല്ലാം മാറ്റി വന്നില്ലെങ്കിൽ ആർസി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.