കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീല്‍ഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യന്‍ ഡയറക്ടറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞതായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ് ഫണ്ട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്സിന്‍ തുടങ്ങിയവ നല്‍കി നടത്തിയ പരീക്ഷണത്തിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അസര്‍ബൈജാനില്‍ 50 ആളുകളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. കൊവിഡ് വൈറസിന്റെ കൂടുതല്‍ വകഭേദങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മിശ്രിത വാക്‌സിനേഷന്‍ പോലുള്ള പദ്ധതികള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കുന്നത്. വാക്സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി ഉയരുമെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ നിരവധി രാജ്യങ്ങളില്‍ മിശ്രിത വാക്സിനേഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് വെല്ലൂരിലെ മെഡിക്കല്‍ കോളേജിന് കഴിഞ്ഞ ദിവസം അധികൃതര്‍ അനുമതി നല്‍കി.