യെമനിൽ ഹൂതി വിമതരുടെ തടവിൽ ആയിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് അടക്കം 7 ഇന്ത്യാക്കാരും ദില്ലിയിലെത്തി

യെമനിൽ ഹൂതി വിമതരുടെ തടവിൽ ആയിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് അടക്കം 7 ഇന്ത്യാക്കാരും ദില്ലിയിലെത്തി

കോഴിക്കോട്: യെമനിൽ(YEMEN) ഹൂതി വിമതരുടെ (Houthi Rebels)  തടവിൽ ആയിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് (dipash) ദില്ലിയിൽ എത്തിയെന്ന് ബന്ധുക്കൾ. മലയാളികൾ ഉൾപ്പെടെ ഉള്ള 7 ഇന്ത്യക്കാരും ദില്ലിയിൽ  എത്തിയതായി ദിപാഷ് അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ദിപാഷ് ഉൾപ്പെടെയുള്ളവർ ഉടൻ വീടുകളിലേക്ക് മടങ്ങും .

യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന കോഴിക്കോട് മേപ്പയൂ‍ർ സ്വദേശി ദിപാഷ് അടക്കം മൂന്ന് മലയാളികള്‍ മോചിതരായെന്ന് കഴിഞ്ഞ ദിിവസം ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. അബുദാബിയിലെ കപ്പലിൽ ജീവനക്കാരനായിരുന്ന മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷിനെ ജനുവരിയിലാണ് ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് ദിപാഷ് ജോലി നോക്കിയിരുന്ന കപ്പൽ ഹൂതി വിമതർ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരിൽ മൂന്ന് മലയാളികളുൾപ്പെടെ 7 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ദിപാഷിന്‍റെ മോചനത്തിനായി ഇന്ത്യൻ എംബസി ഇടപെടുന്നില്ലെന്നും ദിപാഷിന്‍റെ മാതാപിതാക്കളുടെ പരാതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

കിടപ്പാടമുൾപ്പെടെ പണയപ്പെടുത്തി രണ്ട് വർഷം മുമ്പ് ഉപജീവനമാർഗ്ഗം തേടിപ്പോയതാണ് മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷ്. ഈ വിഷുക്കാലത്ത് മകൻ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അച്ഛനുമമ്മയേയും നാല് മാസം മുമ്പ് തേടിയെത്തിയത് ദിപാഷ് ജോലി നോക്കിയിരുന്ന അബുബാബിയിലെ കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തു എന്ന വാർത്തയാണ്. വല്ലപ്പോഴും ദിപാഷിന്റെ ശബ്ദ സന്ദേശം കിട്ടുമെങ്കിലും മകൻ എവിടെയെന്നുപോലും ഇവർക്കറിയുമായിരുന്നില്ല.

കപ്പലുണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചിരുന്നു. റംസാൻ മാസം തീരുന്നമുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ്  കമ്പനി മുൻകൈയെടുത്താണ് മുഴുവൻ പേരുടെയും മോചനത്തിന് വഴിതുറന്നതെന്ന് ദിപാഷിന്‍റെ അച്ഛൻ കേളപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.