ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി

ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി

കൊച്ചി: എറണാകുളം കലൂരിൽ യുവതിയെ ഭർതൃവീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞെന്ന  വാർത്തയിൽ ഇടപെട്ട് ഹൈക്കോടതി. ലീഗൽ സർവീസസ് സബ് ജഡ്ജിയും വനിതാ ശിശു സംരക്ഷണ സമിതി അംഗങ്ങളും വനിതാകമ്മീഷൻ അംഗങ്ങളും സംഭവസ്ഥലത്തെത്തി.

ലീഗൽ സർവീസ് സബ് ജഡ്ജി യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെൺകുട്ടി പ്രതികരിച്ചു.ഭർതൃവീട്ടിൽ നിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പെൺകുട്ടിയുടെ ആരോപണം. മൂന്ന് മാസം ഗർഭിണി ആയിരുന്ന തനിക്ക് ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചു. അടിവയറ്റിൽ ചവിട്ട് കിട്ടിയതിനെ തുടർന്നാണ് ഗർഭഛിദ്രം സംഭവിച്ചതെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. 

പെൺകുട്ടിയെ കാക്കനാടുള്ള സഖിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റും. കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയതിനു ശേഷം ഭർതൃവീട്ടിൽ പ്രവേശിപ്പിക്കും.

ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവർക്ക് നിയമപരമായി അവകാശമുണ്ടെങ്കിലും അവിടെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഭർത്താവായ, കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്. തുടർന്ന് ആലുവ എടത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടിൽ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്തു. പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടർന്ന് ആരോഗ്യം മോശമായ പെൺകുട്ടിയെ ഉപേക്ഷിച്ച് സെപ്റ്റംബർ 23-ന് വാടകവീട്ടിൽനിന്ന് ഭർത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു. വാടക കൊടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു. തുടർന്ന് കലൂർ ബാങ്ക് റോഡിലെ ഭർത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്.

കോടതി ഉത്തരവുണ്ടെങ്കിലും പെൺകുട്ടിയെ വീട്ടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഭർത്താവും വീട്ടുകാരും.പെൺകുട്ടിക്ക് ജോലിക്കുപോകാനുള്ള ആരോഗ്യസ്ഥിതിയില്ല, കൈയിൽ പണമില്ല, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. ശൗചാലയം ഉപയോഗിക്കാൻ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവൾ പെരുവഴിയിലായത്.