മൂന്നാറിൽ പോയ ചെലവ് ആരും ചോദിക്കുന്നില്ലല്ലോ'; ​ഗവർണക്കെതിരെ കാനം

മൂന്നാറിൽ പോയ ചെലവ് ആരും ചോദിക്കുന്നില്ലല്ലോ'; ​ഗവർണക്കെതിരെ കാനം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ (Arif Mohammad Khan) ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran). ഗവര്‍ണര്‍ക്ക് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് കാനം പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നുവെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുന്നുവെന്നും കാനം വിമര്‍ശിച്ചു.

ഗവര്‍ണര്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളാണ്. പേഴ്സണൽ സ്റ്റാഫ് കാര്യത്തിൽ അദ്ദേഹം നിലപാട് എടുക്കേണ്ട കാര്യമില്ല. നയപ്രഖ്യാപനം വായിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണ്. അത് ചെയ്തില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കേണ്ടി വരും. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അദ്ദേഹം ഇടപെടേണ്ടതില്ല. സർക്കാർ ഗവർണറുടെ മുന്നിൽ സര്‍ക്കാര്‍ വഴങ്ങാൻ പാടില്ലെന്നും കാനം പറഞ്ഞു. ഗവർണർ കഴിഞ്ഞയാഴ്ച മൂന്നാറിൽ പോയ ചെലവ് ഞങ്ങൾ ചോദിക്കുന്നില്ലല്ലോ. നിങ്ങൾ വിവരാവകാശം വഴി എടുത്താൽ അറിയാമല്ലോ. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. അലങ്കാരത്തിനായി എന്തിനാണ് ഇങ്ങനെയൊരു പദവിയെന്നും കാനം വിമര്‍ശിച്ചു.

Also Read: 'സർക്കാർ രാജ്ഭവനെ നിയന്ത്രിക്കണ്ട, ബാലൻ ബാലിശമായി പെരുമാറരുത്', ആഞ്ഞടിച്ച് ഗവർണർ

അതേസമയം, ഖജനാവിന് വൻ തുക നഷ്ടമുണ്ടാക്കുന്ന പാർട്ടി റിക്രൂട്ട്മെൻറ് നോക്കിയിരിക്കില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. രാജ്ഭവനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കം തടയുമെന്നും ഗവർണ്ണർ വ്യക്തമാക്കി. തന്നെ വിമർശിച്ച വി ഡി സതീശനെയും എ കെ ബാലനെയും രൂക്ഷമായ മറുപടി നൽകിയാണ് ഗവർണ്ണർ നേരിട്ടത്. അതിനിടെ, ആരുടെ ഉപദേശം കേട്ടാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം താൻ കേൾക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ ഭിക്ഷാംദേഹിയെപ്പോലെ അലഞ്ഞു നടന്ന ചരിത്രമുള്ള ആളാണ് ഗവർണർ എന്നും സതീശൻ പരിഹസിച്ചു. ഗവർണർ സ്ഥാനത്തിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ലെന്നും സതീശൻ തുറന്നടിച്ചു.

Also Read: ഉന്നത ഉദ്യോഗസ്ഥന്‍റെ സ്ഥാനം തെറിപ്പിച്ച് ഗവർണറുമായി ഒത്തുതീര്‍പ്പ്! എല്‍ഡിഎഫില്‍ എതിർപ്പ്

ഗവർണ്ണർക്ക് രണ്ടാം ശൈശവമെന്ന് മുന്‍ മന്ത്രി എ കെ ബാലനും പരിഹസിച്ചു. താൻ ഒരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണറെ രക്ഷിക്കുകയിരുന്നു സർക്കാർ ചെയ്തത്. ഭരണഘടന പ്രതിസന്ധി ഉണ്ടാക്കി മുതലെടുപ്പ് നടത്തുകയായിരുന്നു പ്രതിപക്ഷ ശ്രമം. അതൊഴിവാക്കി ഗവർണറെ രക്ഷിക്കുകയായിരുന്നു സർക്കാർ. ഇനിയും ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ ഈ നിലപാട് എടുക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. കാനം പറഞ്ഞത് സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.