ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: ഹിജാബ് നിരോധനം (Hijab Ban) ഭരണഘടനാ ലംഘനമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ (Sayyid Muhammad Jifri Muthukkoya Thangal). ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകളാണ് നടക്കുന്നതെന്നും ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയിലെല്ലാം മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സ്ഥിതിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് നടന്ന സമസ്ത പ്രവാസി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. ഹിജാബ് നിരോധനം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരായ ഹർജി നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ ഇപ്പോഴും വാദം തുടരുകയാണ്. ഭരണഘടനപരമായ വിഷയങ്ങള്‍ ഉള്ളതിനാല്‍ ഹർജിയിൽ വിശദമായി വാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച എംഎല്‍എ അധ്യക്ഷനായ സമിതിക്ക് ഹിജാബ് നിരോധിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും മൗലികാവകാശമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജിയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.