പിറന്നു 2022; ഒമിക്രോണിനിടെ പ്രതീക്ഷയുടെ പുതുവത്സരം

പിറന്നു 2022; ഒമിക്രോണിനിടെ പ്രതീക്ഷയുടെ പുതുവത്സരം

പ്രതീക്ഷകളോടെ രാജ്യം പുതുവര്‍ഷത്തെ വരവേറ്റു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്. മിക്ക രാജ്യങ്ങളിലും കൊറോണവൈറസ് പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ തെരുവുകളിലും നഗരങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവത്സരമെത്തി.

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. സിഡ്‌നിയിലും ഓക്ലാന്‍ഡിലും കരിമരുന്ന് പ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ ഏതിരേറ്റത്. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം. യുവാക്കള്‍ക്ക് പ്രായമായവരുടെ ജ്ഞാനവും അനുഭവപരിചയവും ആവശ്യമാണ്. അതുപോലെമുതിര്‍ന്നവര്‍ക്ക് യുവാക്കളുടെ പിന്തുണയും വാത്സല്യവും സര്‍ഗാത്മകതയും ചലനാത്മകതയും ആവശ്യമാണെന്ന് പോപ് ഫ്രാന്‍സിസ് പുതുവത്സരത്തിന് മുമ്പുള്ള സന്ദേശത്തില്‍ പറഞ്ഞു.

ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍, യുഎഇയുടെ തലസ്ഥാനമായ ദുബൈ എന്നിവിടങ്ങളിലും ഗംഭീരമായ ആഘോഷങ്ങളോടെയാണ് പുതുവത്സാരത്തെ വരവേറ്റത്. 2020, 2021 വര്‍ഷങ്ങള്‍ കൊവിഡ് ഭീതിയില്‍ കടന്നുപോയെങ്കില്‍ 2022ന്റെ തുടക്കവും സമാനമാണ്. ഒമിക്രോണ്‍ ഭീതിയില്‍ ലോകമാകെ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയോടെ 2022 കടന്നുവരുന്നത്. 

കേരളത്തിലെ പുതുവത്സാരാഘോഷം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. സംസ്ഥാനത്താകെ രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതല്‍ നഗരത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് കോഴിക്കോട് കളക്ടറുടെ ഇന്‍സ്റ്റാഗ്രം പേജിലൂടെ ആഘോഷത്തില്‍ പങ്കുചേരാന്‍ പൊതുജനങ്ങള്‍ക്ക് ക്ഷണമുണ്ട്. 

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ് പോയി.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണുള്ളത്. കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്‌മെന്റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. നഗരത്തില്‍ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വമായ പുതുവത്സരാശംസ നേര്‍ന്നു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ ഒമിക്രോണ്‍ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നാടിന്റെ ഐക്യവും സമാധാനവും  പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.