പഴയ ഫോൺ ഒളിപ്പിച്ചത് എന്തിന്? ദിലീപിന് കുരുക്കിട്ട കണ്ടെത്തൽ; ഹാജരാക്കാൻ ഇന്ന് ഉച്ച വരെ സമയം

പഴയ ഫോൺ ഒളിപ്പിച്ചത് എന്തിന്? ദിലീപിന് കുരുക്കിട്ട കണ്ടെത്തൽ; ഹാജരാക്കാൻ ഇന്ന് ഉച്ച വരെ സമയം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയത്.

ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ  ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തൽ.

പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ  ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

മൂന്ന് ദിവസം, 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായത് ഇന്നലെയാണ്. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ, അഞ്ച് ദിവസമെങ്കിലും ദിലീപടക്കമുളളവരുടെ കസ്റ്റഡിയിൽ വേണമെന്നും  അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. ഈ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്.