പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ഒന്നാം പ്രതി പള്‍സര്‍ സുനിയെ  (Pulsar Suni) ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപിനൊപ്പം സുനിലിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന് കുരുക്കായി ജയിലില്‍ നിന്നുള്ള സുനില്‍ കുമാറിന്‍റെ ഫോൺവിളിയും പുറത്തുവന്നു. പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ  കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. 

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന് എതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈംബ്രാ‌ഞ്ച് എസ്പി മോഹന ചന്ദ്രൻ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാ‌ഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.