അഫ്ഗാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ചൈനയുടെ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിടുന്നു : പാക് തീവ്രവാദ വിരുദ്ധവകുപ്പ്

ഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് പ്രവർത്തിക്കുന്ന 90 ശതമാനം തീവ്രവാദ ഗ്രൂപ്പുകളും കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor - CPEC) ) പദ്ധതികൾ ലക്ഷ്യമിടുന്നതായി പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വിഭാഗം (Counter-Terrorism Department - CTD) കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സിടിഡി ജാവേദ് ഇഖ്ബാൽ വസീർ ആണ് ഈ വിവരം പുറത്ത് വിട്ടത്. 90 ശതമാനത്തിലധികം തീവ്രവാദ ഗ്രൂപ്പുകളും അഫ്ഗാനിസ്ഥാന്‍ അതിർത്തിക്കപ്പുറത്ത് പ്രത്യേകിച്ച് ബലൂചിസ്ഥാന്‍ (Balochistan) മേഖലയില്‍ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതായി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാന്‍ ഇന്ന് കൃത്യമായ ഭരണമില്ലാത്ത ഒരു അരാജക പ്രദേശമായി മാറിക്കഴിഞ്ഞു. രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഫ്ഗാനിസ്ഥാനില്‍ അതുവരെ നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന പല ചെറു തീവ്രവാദ ഗ്രൂപ്പുകളും തങ്ങളുടെ അംഗബലം കൂട്ടുകയും അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതായി ഇപ്പോള്‍ പാകിസ്ഥാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈന- പാകിസ്ഥാന്‍ സംയുക്ത പദ്ധതിയായ സിപിഇസി പദ്ധതികളെയാണെന്നും പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ വകുപ്പ് ആരോപിക്കുന്നു.

പ്രധാന പദ്ധതി പ്രദേശങ്ങള്‍, പോളിയോ ടീമുകൾ, സാമ്പത്തിക പദ്ധതികൾ എന്നിവയെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും സിടിഡി ജാവേദ് ഇഖ്ബാൽ വസീർ പറയുന്നു. കഴിഞ്ഞ വർഷം പെഷവാറിലും ബന്നു മേഖലയിലും നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഡിപ്പാർട്ട്മെന്‍റ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അഞ്ച് പ്രധാന ഗ്രൂപ്പുകളെ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു.ഖൊറാസാൻ പ്രവിശ്യ (ഐഎസ് കെപി)യില്‍ പോളിയോ വാക്‌സിനേഷൻ സംഘങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ 40 ലധികം കൊലപാതക സംഭവങ്ങളിൽ ഇത്തരം തീവ്രവാദ സംഘങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിഐജി സിടിഡി പറഞ്ഞു.