'കൃഷ്ണകുമാറിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'; സ്വപ്ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്

'കൃഷ്ണകുമാറിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'; സ്വപ്ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ (Swapna Suresh) നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്‍. സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന മുന്‍കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറിന്‍റെ ആരോപണം വാസ്തവ വിരുദ്ധമാണ്. എല്ലാവരോടും ആലോചിച്ചാണ് നിയമനം നടത്തിയത്. എസ് കൃഷ്ണകുമാറിനെ ആറുമാസം മുമ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതാണ്. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന്‍റെ ഭാഗമായിട്ടാണ് കൃഷ്ണകുമാറിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും ബിജു കൃഷ്ണന്‍ പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി രജിസ്റ്റർ ചെയ്ത എച്ച്ആർഡിഎസ് എന്ന സംഘടനയുടെ ഡയറക്ടറായി ഇന്നലെയാണ് സ്വപ്ന സുരേഷ് ചുമതലയേറ്റത്.

നിയമപരമായി സംഘടനയുടെ ചെയർമാൻ താനാണെന്നും സ്വപ്നയുടെ നിയമനം ചട്ടവിരുദ്ധമാണെന്നും ആയിരുന്നു എസ് കൃഷ്ണകുമാർ ഇന്നലെ പറഞ്ഞത്. സംഘടന സെക്രട്ടറി അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏതന്വേഷണവും നേരിടുമെന്നും കൃഷ്ണകുമാർ ചെയർമാൻ അല്ലെന്നുമായിരുന്നു സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞത്. സംഘടനയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എസ് കൃഷ്ണകുമാർ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സ്വപ്ന സുരേഷിന്‍റെ നിയമനത്തോടെ സംഘടനയിലെ തർക്കവും രൂക്ഷമാകുകയാണ്. 

അതേസമയം ബിജെപിക്ക് എച്ച്ആര്‍ഡിഎസ് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എച്ച്ആര്‍ഡിഎസ് ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തൊടുപുഴയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത് എം എം മണിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.