കടപ്പുറത്ത് കിടന്നുറങ്ങിയ മത്സ്യത്തൊഴിലാളിക്ക് ക്രൂരമർദനം; സിഐഎസ്എഫ് ജവാൻമാർ രക്ഷിച്ചു

കടപ്പുറത്ത് കിടന്നുറങ്ങിയ മത്സ്യത്തൊഴിലാളിക്ക് ക്രൂരമർദനം; സിഐഎസ്എഫ് ജവാൻമാർ രക്ഷിച്ചു
കഴക്കൂട്ടം∙ തുമ്പ പള്ളിക്കു സമീപം കടപ്പുറത്ത് കിടന്നുറങ്ങിയ മത്സ്യത്തൊഴിലാളിയെ ഒരു സംഘം മർദിച്ചു. മർദനം ഏറ്റ് കടലിൽ ചാടിയ യുവാവിനെ സംഘം പിന്തുടർന്ന് ആക്രമിച്ചു. തുമ്പ പുതുവൽ പുരയിടത്തിൽ അബ്രഹാം ജോൺസണിനാണു (39)  മർദനമേറ്റത്.വിഎസ്എസ്‌സിയിൽ പട്രോളിങ് നടത്തുന്ന സിഐഎസ്എഫ് ജവാൻമാർ ആണ് ജോൺസണിനെ  രക്ഷിച്ച് തുമ്പ പൊലീസിനെ ഏൽപിച്ചത്. അബ്രഹാമിനെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്ക് പൊട്ടലും തോൾ എല്ലിനും തലയ്ക്കും പരുക്കും ഉണ്ട്. ശനിയാഴ്ച രാത്രി  ഒന്നരയോടെയാണു സംഭവം.
ഉറങ്ങുന്ന അബ്രഹാമിനെ നാലംഗ സംഘം ഇരുമ്പു പൈപ്പു കൊണ്ട് ദേഹത്തും തലയിലും അടിച്ചു. മർദനം സഹിക്കാതെ അബ്രഹാം കടലിൽ ചാടി നീന്തി . എന്നാൽ സംഘം പിന്തുടർന്ന് മർദിക്കുകയും കരയിൽ കയറാൻ അനുവദിക്കാതെ നോക്കുകയും ചെയ്തു. തുമ്പയിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ നീന്തി വിഎസ്എസ്‍സിക്കു സമീപം എത്തി . പട്രോളിങ് നടത്തിയ സിഎസ്എസ്എഫ് ജവാൻ ആണ് അവശനിലയിൽ കരയ്ക്കു കയറാൻ ശ്രമിക്കുന്ന അബ്രഹാമിനെ കണ്ടത്. അബ്രഹാമിനെ പിടിച്ചു കയറ്റിയ ശേഷം ജവാൻമാർ  പൊലീസിനെ അറിയിക്കുകയായിരുന്നു. കടപ്പുറത്തു വച്ചുണ്ടായ വാക്കുതർക്കവും മുൻ വൈരാഗ്യവും ആണ് മർദനത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നു. നാലു പേർക്കെതിരെ അബ്രഹാമിന്റെ സഹോദരൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി