കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: കരുളായി വനത്തില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍ (45), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരേയാണ് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ പിടികൂടിയത്. 

കഴിഞ്ഞ ഒക്‌ടോബറിലാണ് സംഭവം. കരുളായി വനത്തിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്തുനിന്നാണ് കാട്ടുപോത്തിനെ നായാട്ടു സംഘം വേട്ടയാടിയത്. കാട്ടുപോത്തിനെ കൊന്ന് മാംസമെടുത്ത ശേഷം വനത്തില്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയിരുന്നു. 

ഇതേ തുടര്‍ന്ന് കരുളായി വനം റെയ്‌ഞ്ചോഫീസര്‍ എം എന്‍ നജ്മല്‍ അമീനിന്റെ മേന്‍നോട്ടത്തില്‍ വനം വകുപ്പ് നിയോഗിച്ച ഷാഡോ ടീമിന്റെ  അന്വേഷണത്തിനാടുവിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പെട്ട കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കരുളായി റേഞ്ച്  ഓഫീസര്‍ പറഞ്ഞു.