ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും.

കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്.

ഇതുസംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളും കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ടു. രണ്ട് വിമാനങ്ങളാവും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുക.

കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്‌സിന്‍ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്‌സിനെടുത്ത പുതിയ വിസയിലുള്ളവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആര്‍ടിപിസിആര്‍ ഫലം കരുതണം.

ശ്ലോനിക് ആപ്പില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. ഇവര്‍ക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റയ്‌നാണ്. മൂന്നുദിവസത്തിനുശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ ക്വാറന്റയ്ന്‍ അവസാനിപ്പിക്കാം.

വാക്‌സിനേഷന്‍ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവര്‍ 72 മണിക്കൂറിനുള്ളിലുള്ള കൊവിഡ് ആര്‍ടിപിസിആര്‍ ഫലം കരുതുകയും ശ്ലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. കൂടാതെ ഇവര്‍ക്ക് ഏഴുദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്ന്‍ അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റയ്ന്‍ എന്നിവ നിര്‍ബന്ധമാണ്.