വലിയ ശബ്ദം കേട്ടു, എത്തിയപ്പോൾ കണ്ടത് കത്തുന്ന ഹെലിക്കോപ്ടർ'; പ്രദേശവാസിയുടെ വാക്കുകൾ

ചെന്നൈ:  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) സംഘവും സഞ്ചരിച്ച ഹെലികോപ്ടർ (Helicopter) അപകടത്തിൽപ്പെട്ട സമയത്ത് വലിയ ശബ്ദം കേട്ടെന്ന് പ്രദേശവാസിയും  മലയാളിയുമായ രവി. കാട്ടിനുള്ളിലാണ് ഹെലിക്കോപ്ടർ വീണതെന്നും ശബ്ദം കേട്ട് എത്തിയപ്പോൾ കണ്ടത് ഹെലിക്കോപ്ടർ കത്തുന്നതാണെന്നും രവി ഏഷ്യാനെറ്റ് നൂസിനോട് പറഞ്ഞു.

''പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ മോശമായിരുന്നു. അപകടം നടന്ന സമയത്ത് കനത്ത മഞ്ഞുണ്ടായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് അപകടമുണ്ടായത്. നിലവിൽ ഹെലിക്കോപ്ടർ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയർഫോഴ്സും എത്തി.  11 പേരുടെ മൃതദേഹങ്ങൾ ആദ്യ ഘട്ടത്തിൽ പുറത്തെടുത്തു''. രണ്ട് പേരെ ജീവനോടെയാണ് പുറത്തെടുതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ഹെലിക്കോപ്ടർ സ്ഥിരമായി പോകുന്ന റൂട്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.