ബേബി ഫോർമുലയ്ക്ക് ക്ഷാമം, മുലപ്പാൽ വിൽക്കാൻ തയ്യാറായി അമ്മമാർ...

ബേബി ഫോർമുലയ്ക്ക് ക്ഷാമം, മുലപ്പാൽ വിൽക്കാൻ തയ്യാറായി അമ്മമാർ...

യുഎസ്സിൽ ബേബി ഫോർമുലയ്ക്ക് വൻക്ഷാമം (baby formula shortage). ഇതോടെ രക്ഷിതാക്കൾ ആകെ പരിഭ്രാന്തരായിരിക്കയാണ്. കുട്ടികളുടെ വിശപ്പ് മാറ്റാൻ മറ്റ് വഴികൾ പലരും തെരഞ്ഞുതുടങ്ങി. 40 ശതമാനത്തോളം ബേബി ഫോർമുലയിൽ ക്ഷാമം ഉണ്ട് എന്നണ് പറയുന്നത്. എന്നാൽ, ഈ ക്ഷാമത്തിനിടയിൽ ഒരു സ്ത്രീ സ്വന്തം മുലപ്പാൽ വിൽക്കാൻ തയ്യാറായിരിക്കയാണ്. യൂട്ടാ (Utah) -യിൽ നിന്നുള്ള ഒരു അമ്മയാണ്, കുഞ്ഞുങ്ങൾക്ക് ബേബി ഫോർമുല വാങ്ങാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നത്. അലീസ ചിട്ടി (Alyssa Chitti) എന്ന യുവതി തന്റെ മുലപ്പാലിൽ 4,000 ഔൺസ് (118 ലിറ്റർ) വിൽക്കുകയാണ്. ഔൺസിന് $1 (ഏകദേശം 80 രൂപ) യ്ക്കാണ് പാൽ വിൽക്കുന്നത്. ഒരുപാട് രക്ഷികതാക്കൾ ബേബി ഫോർമുല കിട്ടാതെ പാടുപെടുന്നുണ്ട്. അതുകൊണ്ട് തന്നെ അമ്മമാരുമായി സന്ധിസംഭാഷണങ്ങൾക്ക് തയ്യാറാണ് എന്ന് അലീസ പറയുന്നു. എന്നാൽ, അലീസ മാത്രമല്ല ഇങ്ങനെ മുലപ്പാൽ വിൽക്കാൻ തയ്യാറാവുന്ന അമ്മ. വേറെയും പല സ്ത്രീകളും ഈ സാഹചര്യത്തിൽ മുലപ്പാൽ വിൽക്കാൻ തയ്യാറാവുന്നുണ്ട്. എന്നാൽ, ഇത എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. മുലപ്പാൽ വിൽക്കുന്നത് നിയമവിധേയമാണ് എങ്കിലും അതിന്റെ സുരക്ഷയെ കുറിച്ച് ആകുലതകൾ നിലനിൽക്കുന്നു. പെട്ടെന്ന് തന്നെ അണുബാധയുണ്ടാകും, മുലപ്പാൽ നൽകുന്നവർക്ക് എന്തെങ്കിലും രോ​ഗങ്ങളുണ്ടോ തുടങ്ങിയ ആകുലതകളെല്ലാം നിലനിൽക്കുന്നുണ്ട്. 

അതേ സമയം അവിടെ മുലപ്പാൽ ബാങ്കുകളുമുണ്ട്. എന്നാൽ, അവിടെ മുലപ്പാൽ നൽകുന്നതിന് ഒരുപാട് പ്രോസസുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. അതിനാൽ തന്നെ പ്രതീക്ഷിച്ച അത്രയും മുലപ്പാൽ മിൽക്ക് ബാങ്കുകളിലെത്തുന്നില്ല. മൗണ്ടൻ വെസ്റ്റ് മദേഴ്‌സ് മിൽക്ക് ബാങ്കിന്റെ മിൽക്ക് ബാങ്ക് കോർഡിനേറ്ററായ മേരി കാലഹാൻ, മുലപ്പാലിന്റെ ഡിമാൻഡ് അനുസരിച്ച് 300 ദാതാക്കൾ എങ്കിലും ആവശ്യമാണെങ്കിലും 175 പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂവെന്ന് പറയുന്നു. 

മറ്റ് പല അമ്മമാരെ പോലെയും മിൽക്ക് ബാങ്കിലേക്ക് പാൽ നൽകാൻ തന്നെയാണ് അലീസയും ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ, അത് ബുദ്ധിമുട്ടേറിയ പ്രോസസാണ് എന്ന് മനസിലായതോടെയാണ് ഓൺലൈൻ വഴി വിൽപന ആരംഭിച്ചത്.