കോവിഡ് വ്യാപനത്തിന് കാരണം അയല്‍സംസ്ഥാന യാത്രക്കാര്‍: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണ്ണാടക

കോവിഡ് വ്യാപനത്തിന് കാരണം അയല്‍സംസ്ഥാന യാത്രക്കാര്‍: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണ്ണാടക

തലപ്പാടി: അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണ്ണാടക. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടത്തിവിടുകയുള്ളൂവെന്നും അതീവ ഗുരുതരമല്ലാത്ത രോഗികള്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍​ നെഗറ്റിവ്‌ റിപ്പോര്‍ട്ട് മാത്രമാണ് അതിര്‍ത്തി കടത്തിവിടാനുള്ള മാനദണ്ഡമായി കര്‍ണാടക സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

അതിര്‍ത്തി കടന്നെത്തുന്ന അയല്‍സംസ്ഥാന യാത്രക്കാരാണ് ദക്ഷിണ കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുന്നതിന് കാരണം എന്ന നിഗമനത്തെത്തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ യാത്രാ നിയന്ത്രണം കര്‍ശനമാക്കിയത്. ഇതോടെ കര്‍ണാടകയെ ചികിത്സക്കായി ആശ്രയിക്കുന്ന രോഗികളും അവിടത്തെ കോളജുകളില്‍ പഠിക്കുന്നതും പരീക്ഷയെഴുതാന്‍ പോകുന്നതുമായ വിദ്യാര്‍ഥികളും പ്രതിസന്ധിയിലായി.

കഴിഞ്ഞ ദിവസം മുതലാണ് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കിത്തുടങ്ങിയത്. കഴിഞ്ഞ 15 ദിവസമായി ആദ്യ ഡോസ് വാക്സിനെടുത്തവരെയും ചികിത്സയ്ക്കായി പോകുന്ന രോഗികളെയും അതിര്‍ത്തി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. സംഭവത്തെ തുടര്‍ന്ന് തലപ്പാടിയില്‍ കേരളത്തിന്റെ ആര്‍.ടി.പി.സി.ആര്‍ പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.