'എനിക്കറിയില്ല, ആരാണയാൾ?' ജി​ഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് അസം മുഖ്യമന്ത്രി

'എനിക്കറിയില്ല, ആരാണയാൾ?' ജി​ഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് അസം മുഖ്യമന്ത്രി

ദില്ലി: ​ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് വിചിത്രമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് ജി​ഗ്നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജി​ഗ്നേഷ് മേവാനിയെ ​ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

'കൂടുതൽ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരാണ് ജി​ഗ്നേഷ് മേവാനി. അയാളെ എനിക്കറിയില്ല.  ഞാൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ' എന്നായിരുന്നു ഹിമന്ത് ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.  മേവാനിയുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയുണ്ടെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. 'മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങൾക്ക് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല' എന്നായിരുന്നു രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. 

ഗുജറാത്ത്   എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അർദ്ധരാത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ത്ഥിക്കണമെന്ന മേവാനിയുടെ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാൾ മേവാനിക്കെതിരെ പരാതി നൽകിയെന്നാണ് പൊലീസ് ഭാഷ്യം. 

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്‍റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. 

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.