മുമ്ബ് അഫ്ഗാന്‍ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രി; ഇപ്പോള്‍ പിസ ഡെലിവറി ബോയ് !

മുമ്ബ് അഫ്ഗാന്‍ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രി; ഇപ്പോള്‍ പിസ ഡെലിവറി ബോയ് !

ബെര്‍ലിന്‍: ( 25.08.2021) അഗ്‌ഫാനിസ്താനിലെ മുന്‍ മന്ത്രി ഇപ്പോള്‍ ഉപജീവനത്തിനായി ജര്‍മനിയില്‍ പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണെന്ന് റിപോര്‍ടുകള്‍. 2018 മുതല്‍ 2020 വരെ അശ്‌റഫ് ഗനി സര്‍കാരില്‍ വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സയ്യിദ് അഹ്‌മദ്‌ ശാ സാദത് ജര്‍മനിയിലെ ലീപ്സിഗ് നഗരത്തില്‍ ഭക്ഷണ വിതരണക്കാരനായി ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമമായ അല്‍-ജസീറ അറേബ്യയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രചരിക്കുന്നത് തന്‍റെ ഫോടോകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി സ്‌കൈ ന്യൂസും റിപോര്‍ട് ചെയ്‌തു.

അശ്‌റഫ് ഗനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഹ്‌മദ്‌ ശാ മന്ത്രി സ്ഥാനം രാജിവെക്കുകയും ജര്‍മനിയിലേക്ക് കുടിയേറുകയും ആയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അധികകാലം അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ ആയില്ലെന്നും ഉപജീവനത്തിനായി ഒരു ജോലി കണ്ടെത്തുകയല്ലാതെ മറ്റ് വഴിയില്ലാതെ വന്നപ്പോള്‍, ഒരു പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യാന്‍ തുടങ്ങുകയായിരുന്നുവെന്നുമാണ് റിപോര്‍ട്.

ഇദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഒന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗിലായിരുന്നു. 2005 മുതല്‍ 2013 വരെ കമ്യൂണികേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഉള്‍പെടെ നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

'ഞാന്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജര്‍മനിയില്‍ സുരക്ഷിതത്വം തോന്നുന്നു. ലീപ്സിഗില്‍ എന്റെ കുടുംബത്തോടൊപ്പമുള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. പണം സമ്ബാദിക്കാനും ഒരു ജര്‍മന്‍ കോഴ്സ് ചെയ്യാനും കൂടുതല്‍ പഠിക്കാനും ആഗ്രഹമുണ്ട്' എന്ന് അഹ്‌മദ്‌ ശാ പറഞ്ഞതായി അദ്ദേഹത്തെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്‌തു.