പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ മുഖ്യലക്ഷ്യം -മന്ത്രി ശശീന്ദ്രന്‍

പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ മുഖ്യലക്ഷ്യം -മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ മുഖ്യലക്ഷ്യമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുകയാണ്‌ മുഖ്യധര്‍മം. എന്നാല്‍, മറുവശത്ത്‌ വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന്‌ മനുഷ്യന്‌ സുരക്ഷയും ഒരുക്കണം. ഇതെല്ലാം യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കി കാര്യക്ഷമമായി ഇടപെടുകയാണ്‌ ലക്ഷ്യമെന്ന് മന്ത്രി ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മനുഷ്യ--വന്യജീവി സംഘര്‍ഷമാണ് വനംവകുപ്പ്‌ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ ആലോചിക്കുന്നു. വനത്തിലുള്ള അനധികൃത കാര്യങ്ങള്‍ തടയുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കും.

വനംവകുപ്പിനെ ആധുനിക കാലത്തിനൊത്ത്‌ പരിഷ്‌കരിക്കും. പുത്തന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സദുദ്ദേശ്യത്തോടെയായിരുന്നെന്നും ചിലര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. മരംകൊള്ളക്കാരെയും കൂട്ടുനിന്നവരെയും ഒത്താശ ചെയ്‌തവരെയും ശിക്ഷിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, കുണ്ടറ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട വിഷയത്തില്‍ മന്ത്രി ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി ലഭിച്ചു. ഭാരതീയ നാഷണല്‍ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്. കുണ്ടറയിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.