മീശപിരിച്ച് യോഗിയെ വിറപ്പിച്ച ചന്ദ്രശേഖർ ആസാദ് 'രാവൺ' ഗോരഖ്പൂരിൽ തകർന്നടിഞ്ഞപ്പോൾ

മീശപിരിച്ച് യോഗിയെ വിറപ്പിച്ച ചന്ദ്രശേഖർ ആസാദ് 'രാവൺ' ഗോരഖ്പൂരിൽ തകർന്നടിഞ്ഞപ്പോൾ

'രാവൺ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്തർപ്രദേശിലെ ദലിത് നേതാവാണ് ചന്ദ്രശേഖർ ആസാദ്. 2017 മേയിലെ സഹാറൻപൂർ കലാപത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ആസാദ് ഒന്നര വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ച ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായി മാറിക്കഴിഞ്ഞിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ട് ആസാദ് ഉത്തർപ്രദേശിൻറെ രാഷ്ട്രീയക്കളരിയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അന്നുതൊട്ട് ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാവൺ, യോഗി സർക്കാരിനും വലിയ വെല്ലുവിളികൾ സമ്മാനിച്ചു പോന്നിരുന്നു. 

2022 -ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തറപറ്റിക്കുമെന്ന പ്രഖ്യാപനവുമായാണ് ആസാദ് സമാജ് പാർട്ടിയുടെയും (എഎസ്പി) ഭീം ആർമിയുടെയും വേദികളിൽ ചന്ദ്രശേഖർ പ്രസംഗിച്ചത്. പട്ടാളച്ചിട്ടയോടെ ചന്ദ്രശേഖറിന്റെ വാക്കുകൾ കേൾക്കാനിരിക്കുന്ന യുവാക്കളുടെ ഭീം ആർമി സംഘം രാവണിന്റെ റാലിയുടെ ആകർഷണമായിരുന്നു. ഫലം വരുമ്പോൾ താൻ യോഗി ആദിത്യനാഥിനെ തറപറ്റിക്കും എന്നുള്ള ആത്മവിശ്വാസം വോട്ടെണ്ണൽ തുടങ്ങും മുമ്പുവരെയും രാവണിനും ഭീം ആർമി പ്രവർത്തകർക്കും ഉണ്ടായിരുന്നു. 

എന്നാൽ, ഗോരഖ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായതോടെ ഒരു ലക്ഷത്തിൽ പരംവോട്ടിന്റെ ഭൂരിപക്ഷത്തിൽ സമാജ് വാദി പാർട്ടിയുടെ സുഭാവതി ഉപേന്ദ്രദത്ത് ശുക്ലയെ തോല്പിച്ചിരിക്കുകയാണ്. പതിനായിരത്തിൽ താഴെ വോട്ടോടെ അഞ്ചാം സ്ഥാനത്തായിപ്പോയ ചന്ദ്ര ശേഖർ ആസാദ് രാവൺ ഗോരഖ്പൂരിലെ അങ്കത്തിൽ  ഒരുഘട്ടത്തിലും ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലും, മാധ്യമചർച്ചകളിലും മിന്നും താരമായ രാവണിന് ആ താരപ്രഭയെ ഗ്രാസ് റൂട്ട് ലെവലിൽ വോട്ടായി പരിവർത്തിപ്പിക്കാൻ ഒട്ടും സാധിച്ചിട്ടില്ല എന്നാണ് ഗോരഖ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.