പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി, എഞ്ചിന്‍ ഡ്രൈവറുടെ പണി തെറിച്ചു!

പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി, എഞ്ചിന്‍ ഡ്രൈവറുടെ പണി തെറിച്ചു!

മ്മള്‍ ബസിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഡ്രൈവർമാർ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചിലപ്പോള്‍ വാഹനം നിർത്തി അവരുടെ ഭക്ഷണപൊതികൾ മറ്റും പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കും. ഇതേ രീതിയിലുള്ള ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ ഭക്ഷണം വാങ്ങാനായി ഡ്രൈവർ നിർത്തിയത് ഒരു ട്രെയിന്‍ ആണെന്നതാണ് അമ്പരപ്പിക്കുന്നത്. 

രാജസ്ഥാനിലെ (Rajasthan) ഒരു റെയില്‍വേ ഗേറ്റിലാണ് സംഭവം. പലഹാരമായ കച്ചോരി (kachori)യുടെ പാക്കറ്റ് എടുക്കാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവമാണ് രാജസ്ഥാനിൽ നടന്നത്. രാജസ്ഥാനിലെ അൽവാർ ( Alwar) ക്രോസിംഗിലാണ് ട്രെയിൻ നിർത്തിയത്. സംഭവത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്കിന് സമീപം ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. അപ്പോൾ ദൂരെ നിന്നും ട്രെയിനിന്റെ ഹോൺ കേൾക്കുന്നു. ഉടൻ ട്രെയിൻ വരുന്നു. ട്രാക്കിന് സൈഡില്‍ നിന്ന ആ മനുഷ്യൻ പാക്കറ്റ് ഡ്രൈവർക്ക് കൈമാറുന്നു. തുടർന്ന് ട്രെയിൻ വീണ്ടും നീങ്ങാൻ തുടങ്ങുന്നു.  ലെവൽ ക്രോസിന് ഇരുപുറവും വണ്ടികൾ ട്രെയിൻ കടന്നുപോകാനായി കാത്തിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവരെയൊന്നും കൂസാതെയാണ് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി പലഹാരം വാങ്ങി യാത്ര തുടരുന്നത്.

“എല്ലാ ദിവസവും രാവിലെ 8 മണിയോടെ അൽവാറിലെ ദൗദ്‍പൂർ ഗേറ്റിൽ സമാനമായ ഒരു കാഴ്‍ച കാണാം. ട്രെയിന്‍ ഹോൺ അടിച്ചാല്‍ ഉടൻ റെയിൽ ഗേറ്റ് കുറച്ചുനേരം അടയുന്നു. ലോക്കോ പൈലറ്റ് കച്ചോരിയുമായി എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകുന്നത് വരെ ആളുകൾ ഇരുവശത്തും കാത്തു നില്‍ക്കുന്നു.." ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‍കറിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ വൈറലായതോടെ എഞ്ചിന്‍ ഡ്രൈവര്‍ പുലിവാല് പിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്‍പൂർ ഡിവിഷണൽ റെയിൽവേ മാനേജരുടെയും ഡിആർഎമ്മിന്റെയും ശ്രദ്ധയിൽ ഈ സംഭവം പെട്ടു. അന്വേഷണം ആരംഭിക്കുകയും അഞ്ച് ജീവനക്കാരെയും ഒരു ഇൻസ്ട്രക്ടറെയും രണ്ട് ലോക്കോ പൈലറ്റുമാരെയും രണ്ട് ഗേറ്റ്മാൻമാരെയും സസ്‌പെൻഡ് ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ നടപടിയുണ്ടാകും.

എല്ലാ ദിവസവും രാവിലെ 8 മണിക്ക് കച്ചോരി ട്രെയിനിൽ എത്തിക്കാൻ ക്രോസിംഗ് അടച്ചിട്ടുണ്ടെന്ന് ദൈനിക് ഭാസ്‍കറിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, ഇത് തിരക്കുള്ള സമയമാണ്, അതിനാൽ ധാരാളം യാത്രക്കാർ അസൗകര്യം നേരിടുന്നു. ലോക്കോ പൈലറ്റിന് സ്വന്തം ഇഷ്ടപ്രകാരം എഞ്ചിനോ ട്രെയിനോ നിർത്താൻ കഴിയില്ലെന്ന് അൽവാർ സ്റ്റേഷൻ സൂപ്രണ്ട് ആർ എൽ മീണ പറഞ്ഞു. കച്ചോരിക്ക് വേണ്ടി ഇങ്ങനെ നിർത്തുന്നത് തെറ്റാണ്.

കഴിഞ്ഞവർഷം സമാനമായ മറ്റൊരു സംഭവത്തിൽ ട്രെയിൻ നിർത്തി തൈര് വാങ്ങിയതിന് പാക്കിസ്ഥാനിൽ ലോക്കോപൈലറ്റിനെയും സഹായിയെയും സസ്‌പെൻഡ് ചെയ്‍തിരുന്നു. കൻഹ റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രെയിൻ നിർത്തുന്നതും ഡ്രൈവറുടെ സഹായി കടയിൽ നിന്ന് തൈര് വാങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നാണ് അന്ന് ഇവർക്കെതിരെ നടപടി എടുത്തത്.