'രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി'; ഷഹീൻബാഗ് പൊളിക്കലില്‍ സിപിഎമ്മിന് സുപ്രീംകോടതി വിമര്‍ശനം

'രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി'; ഷഹീൻബാഗ് പൊളിക്കലില്‍ സിപിഎമ്മിന് സുപ്രീംകോടതി വിമര്‍ശനം

ദില്ലി: ഷഹീൻബാഗിലെ കെട്ടിടം പൊളിക്കലിനെതിരെ ഹര്‍ജി നല്‍കിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സി പി എം എന്തിനാണ് ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയം കളിക്കാനുള്ള  സ്ഥലമല്ല സുപ്രീംകോടതി എന്ന് സിപിഎമ്മിനെ കോടതി വിമര്‍ശിച്ചു. ഹര്‍ജി സിപിഎം പിന്‍വലിച്ചു. 

പൊളിക്കൽ കൊണ്ട് പ്രശ്നം ഉള്ളവരല്ലേ ഹർജി നൽകേണ്ടതെന്നാണ് കോടതി ചോദിച്ചത്. ഹൈക്കോടതിയെ  സമീപിക്കുന്നതാണ് നല്ലത്. വഴിയോരക്കച്ചവടക്കാർ കയ്യേറ്റം നടത്തുകയാണെങ്കിൽ ഒഴിപ്പിക്കും. ജനക്പുരിയിൽ ഇടപെട്ടത്  കെട്ടിടങ്ങൾ പൊളിച്ചതിനാലാണ്. ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. 

നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. പൊളിക്കല്‍ നീക്കത്തിന് രണ്ടാഴ്ചത്തെ സ്റ്റേ സിപിഎം അഭിഭാഷകൻ ആവശ്യപ്പെട്ടു.  അതുവരെ പൊളിക്കൽ നടപടികൾ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു, സിപിഎമ്മിന്‍റെ ശ്രമം വാർത്ത ഉണ്ടാക്കാൻ ആണെന്ന് സോളിസിറ്റർ ജനറൽ കോടതിയോട് പറഞ്ഞു. 

ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ എത്തിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം . പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തട‌‌ഞ്ഞ് പ്രദേശവാസികളും ആംആദ്മി, കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.

പ്രതിഷേധം കനത്തതോടെ നടപടി  തടസപ്പെട്ടു. അനധികൃതമായ  കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോർപ്പറേഷൻ അധികൃതർ  ഷഹീൻബാഗിലും ആവർത്തിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ  പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലേക്കെത്തുന്ന സ്ഥിതിയുണ്ടായി.