പഞ്ചാബിലെ പട്യാലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം, പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു

പഞ്ചാബിലെ പട്യാലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം, പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു

ദില്ലി/ അമൃത്സർ: പഞ്ചാബിലെ പട്യാലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലും കല്ലേറിലും വൻ നാശനഷ്ടം. ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. 

ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിൽ വൻസംഘർഷമുണ്ടായത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഈ മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തി. മാർച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. ആകാശത്തേക്ക് വെടിവച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് ഈ സംഘർഷാവസ്ഥ ലഘൂകരിച്ചത്. വലിയ സംഘർഷാവസ്ഥ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പട്യാല നഗരത്തിൽ തുടർന്നു. ആളുകൾ തമ്മിൽ കല്ലേറും ഉന്തും തള്ളും സംഘർഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. 

അതേസമയം, പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ സമാധാനപരമെന്നും മാൻ വ്യക്തമാക്കി. സംഭവത്തിൽ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാൻ റിപ്പോർട്ട് തേടി. 

''പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ ഉള്ള ശ്രമങ്ങൾ ഒന്നും അനുവദിക്കാവുന്നതല്ല. പട്യാലയിലെ സംഘർഷങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. ഡിജിപിയുമായി ഞാൻ സംസാരിച്ചു. സ്ഥലത്ത് സ്ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണ്. സ്ഥലത്തെ സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒരാളെയും സംസ്ഥാനത്തിന്‍റെ സമാധാനം തകർക്കാൻ അനുവദിക്കില്ല. പഞ്ചാബിന്‍റെ സമാധാനവും സന്തോഷവുമാണ് ഏറ്റവും പ്രധാനം'', ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു. 

ജില്ലാ ഭരണകൂടവും സമാധാനം പാലിക്കണമെന്നും, ഇരുവിഭാഗങ്ങളും സംഘർഷം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. തർക്കങ്ങൾ ഒരു ചർച്ച സംഘടിപ്പിച്ച് പറഞ്ഞുതീർക്കാമെന്നും, ഒരു തരത്തിലും അക്രമം പാടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.