മുഷ്താഖ് അഹമ്മദ് സർഗാറിനെ ഭീകരനായി പ്രഖ്യാപിച്ചു; നടപടി യുഎപിഎ നിയമ പ്രകാരം

മുഷ്താഖ് അഹമ്മദ് സർഗാറിനെ ഭീകരനായി പ്രഖ്യാപിച്ചു; നടപടി യുഎപിഎ നിയമ പ്രകാരം

ദില്ലി: ഭീകര സംഘടനയായ അൽ ഉമർ മുജാഹിദ്ദീൻ സ്ഥാപകനും ചീഫ് കമാന്ററുമായ മുഷ്താഖ് അഹമ്മദ് സർഗാരിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമ പ്രകാരമാണ് നടപടി. 1999 ൽ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തിൽ അന്നത്തെ കേന്ദ്രസർക്കാർ തടവിൽ നിന്നും മോചിപ്പിച്ച മൂന്ന് ഭീകരരിൽ ഒരാളാണ് ഇയാൾ. 

ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖിന് ഇപ്പോൾ 52 വയസാണ് പ്രായം. സർഗാർ സ്ഥാപിച്ച അൽ ഉമർ മുജാഹിദ്ദീൻ സംഘടനയെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഘടന വാദ മുന്നണിയുടെ ഭാഗമാണ് സർഗർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ കുറ്റപ്പെടുത്തുന്നു.

യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള വിഘടന വാദ ശക്തികളുടെ മുന്നണിക്കാരനായ ഇയാൾ മുൻപ് പാക്കിസ്ഥാനിലേക്ക് പോയി സായുധ പരിശീലനം നേടിയിരുന്നു. ജമ്മു കശ്മീരിൽ ഭീകര വാദ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പാക്കിസ്ഥാനിൽ നിന്ന് ചരട് വലിക്കുകയാണ് സർഗർ ഇപ്പോൾ.

കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണ ഗൂഢാലോചന, ഭീകരാക്രണം, ഭീകരാക്രമണ ധന ശേഖരണം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി നിരവധി കേസുകൾ സർഗറിനെതിരെ നിലവിലുണ്ട്. ഇന്ത്യയ്ക്കും ലോകത്തിന്റെയും സമാധാനത്തിന് ഭീഷണിയാണ് സർഗർ എന്ന് വിജ്ഞാപനത്തിൽ കുറ്റപ്പെടുത്തുന്നു.