സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ മഴ മുന്നറിയിപ്പില്ല.

ഇന്നലെ വരെ കർണാടകയുടെ തെക്കൻ ഭാഗത്തുണ്ടായിരുന്ന അന്തരീക്ഷ ചുഴി ഇന്ന് വടക്കോട്ടുമാറി ബെംഗളൂരുവിന് വടക്ക് നിലയുറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 162 മില്ലി മീറ്റർ മഴ പെയ്ത കൊടുങ്ങല്ലൂരായിരുന്നു ഏറ്റവും കൂടുതൽ മഴ. ആലുവയിൽ 160.6 മില്ലിമീറ്റർ മഴപെയ്തു. 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തമ്പാനൂരിൽ വെള്ളക്കെട്ടുണ്ടായെങ്കിലും കാനയുടെ സ്ലാബ് തുറന്നുവിട്ട് വെള്ളക്കെട്ട് ഒഴിവാക്കിയതിനാൽ ഗതാഗത തടസമുണ്ടായില്ല. നഗരത്തിൽ സ്മാർട് സിറ്റി റോ‍ഡ് നിർമ്മാണം എങ്ങുമെത്താത്തതിനാൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജില്ലയിൽ മലയോര മേഖലയിൽ അടക്കം മഴപെയ്തെങ്കിലും നാശനഷ്ടങ്ങളില്ല.