കെഎസ്ഇബി ഡയറക്ടർ ബോ‍ർഡിൽ അഴിച്ചുപണി; വിരമിച്ച് ചീഫ് എ‍ഞ്ചിനീയർമാരെ ഡയറക്ടർമാരായി നിയമിച്ചു

കെഎസ്ഇബി ഡയറക്ടർ ബോ‍ർഡിൽ അഴിച്ചുപണി; വിരമിച്ച് ചീഫ് എ‍ഞ്ചിനീയർമാരെ ഡയറക്ടർമാരായി നിയമിച്ചു

തിരുവനന്തപുരം: ഡോ. എസ്.ആര്‍.ആനന്ദ്, സി.സുരേഷ് കുമാര്‍ എന്നിവരെ കെഎസ്ഇബിയിൽ ഡയറക്ടര്‍മാരായി നിയമിച്ചു. ചീഫ് എഞ്ചിനീയര്‍‍മാരായി വിരമിച്ചവരാണ് ഇരുവരും. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ ചുമതലയാണ് ഡോ. ആനന്ദിന്. വിതരണം, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ചുമതല സുരേഷ്‍കുമാറിനാണ്. 

ഇരുവർക്കും നിയമനം നൽകിയതിന് പിന്നാലെ നിലവിലെ ഡയറക്ടര്‍‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്. വി.ആര്‍.ഹരി IRSന് ഫിനാന്‍‍‍സ്, ഐടി, എച്ച്ആര്‍‍എം എന്നീ ചുമതലകൾ നൽകി.
ആര്‍.‍സുകുവിന് റിന്യൂവബിള്‍‍ എനര്‍‍ജി ആന്റ് എനര്‍‍ജി സേവിംഗ്‍സ്, സൗര, നിലാവ് പദ്ധതി, സ്പോര്‍‍‍ട്‍സ് ആന്റ് വെല്‍‍‍ഫെയര്‍ എന്നിവയുടെ ചുമതലയാണ്. ജി.രാധാകൃഷ്ണനാണ് ജനറേഷന്‍‍ സിവില്‍ വിഭാഗത്തിന്റെ ചുമതല. സിജി ജോസിന് ജനറേഷന്‍ ഇലക്ട്രിക്കല്‍ ചുമതലകളാണ് നല്‍കിയിട്ടുള്ളത്. 

ഡോ.എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍‍ത്തിയാക്കിയാണ് വിരമിച്ചത്. 1990ല്‍ ആണ് അദ്ദേഹം ബോര്‍ഡിന് കീഴിൽ ജോലിയിൽ പ്രവേശിച്ചത്. ചീഫ്  എഞ്ചിനീയര്‍, സിസ്റ്റം ഓപ്പറേഷന്‍‍ ആയി വിരമിച്ച അദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍‍‍ സ്വദേശിയാണ്.

ഐടിസിആര്‍‍ ആന്റ് കാപ്‍സ് വിഭാഗം ചീഫ് എഞ്ചിനീയറായി വിരമിച്ച സി.സുരേഷ്‍കുമാ‍ർ ബോര്‍‍ഡില്‍‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍‍ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഐടി പ്രോജക്ടുകള്‍‍‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൌകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്. 

ഇതിനുപറമേ, ഒഴിവുവന്ന പത്ത് വകുപ്പുകളിൽ പുതിയ തലവന്‍‍മാരെ ഉടന്‍ നിയമിയ്ക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.