100 കോടിയുടെ വീട്ടിൽ രാത്രിയായാൽ നിലവിളി!

100 കോടിയുടെ വീട്ടിൽ രാത്രിയായാൽ നിലവിളി!

ചെന്നൈ∙ ജെ.ജയലളിതയെന്ന തലൈവി വാഴുന്ന കാലത്ത് പോയസ് ഗാർഡനിലെ വേദനിലയം ഒരു സാധാരണ വീടു മാത്രമായിരുന്നില്ല; ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അധികാരകേന്ദ്രമായിരുന്നു. തമിഴകത്തെയും രാജ്യത്തെയും പിടിച്ചു കുലുക്കിയ ഒരുപാടു തീരുമാനങ്ങളുടെയും സംഭവങ്ങളുടെയും തുടക്കം തൂവെള്ള നിറം വാരിപ്പൂശിയ ആ കെട്ടിടത്തിനുള്ളിൽ നിന്നായിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യം ഇപ്പോഴും വേദനിലയത്തിലുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്.

കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകൂട്ടം തമിഴ്മക്കൾ ഇക്കാര്യം ഉറച്ചു വിശ്വസിക്കുന്നു: പ്രിയപ്പെട്ട പുരട്ചി തലൈവി അമ്മ മരിച്ചെങ്കിലും ആത്മാവ് ഇവിടെത്തന്നെയുണ്ട്. ‘അനുഭവ’ കഥകളുമായി പലരും രംഗത്തുണ്ട്. ജയയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിൽനിന്നു രാത്രി അലർച്ച കേൾക്കുന്നുവെന്നാണു കഥകളിലൊന്ന്. വേദനിലയത്തിലെ ചില ജോലിക്കാർതന്നെയാണ് ഇതു പറയുന്നത്. ജയലളിതയുടെ മരണശേഷം ബംഗ്ലാവിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളിൽനിന്നു രാത്രി നിലവിളി കേൾക്കുന്നതായി ആദ്യം പറഞ്ഞത് ഇവരാണത്രേ. 

ജയലളിത ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ താനേ തുറക്കുകയും അടയുകയും ചെയ്യുന്നതു കണ്ടുവെന്നാണു മറ്റൊരു ജീവനക്കാരിയുടെ ഭാഷ്യം. എന്നാൽ, കെട്ടുകഥകൾക്കു പിന്നിൽ ശശികല കുടുംബമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വേദനിലയം ഏറ്റെടുത്തു സ്മാരകമാക്കാനുള്ള സർക്കാർ നീക്കം തടയാനാണു പ്രേതകഥ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം.

മറീന ബീച്ചിലെ ജയലളിത സമാധിയെ സംബന്ധിച്ചും പ്രേതകഥ പ്രചരിക്കുന്നുണ്ട്. അവിടെ നിയമിക്കുന്ന പൊലീസുകാർക്കു പെട്ടെന്നു രോഗം പിടിപെടുന്നുവെന്നാണു കഥ. 20 പൊലീസുകാരെയെങ്കിലും രോഗംമൂലം മാറ്റേണ്ടിവന്നത്രേ. മറീന ബീച്ചിലെ കൊടുംവെയിലിൽ ഒരു ദിവസം ചെലവഴിച്ചാൽ പൊലീസെന്നല്ല, ആരും രോഗികളായിപ്പോകുമെന്നാണു പ്രേതകഥയെ എതിർക്കുന്നവരുടെ വാദം.

ഭൂമിയുടെ മൂല്യമാണു മാനദണ്ഡമെങ്കിൽ, നഗരത്തിൽ ബോട്ട് ക്ലബുൾപ്പെടെയുള്ള പ്രദേശങ്ങൾ പോയസ് ഗാർഡന് ഒരുപടി മുന്നിൽ നിൽക്കും. നഗരത്തിലെ വിഐപി വാസസ്ഥലമേതെന്നു ചോദിച്ചാൽ പക്ഷേ, പോയസ് ഗാർഡനു ശേഷമേ വരൂ മറ്റ് ഉത്തരങ്ങൾ. 1961ൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയ, അറുപതുകളുടെ അവസാനമായപ്പോഴേക്കും തമിഴ് തിരയിലെ തരംഗമായി. അക്കാലത്താണ്, ജയലളിതയുടെ കൂടി സമ്പാദ്യം ഉപയോഗിച്ച് അമ്മ പോയസ് ഗാർഡനിൽ വീടു വാങ്ങുന്നത്. 1967ൽ അതിന്റെ വില 1.32 ലക്ഷം. നിലവിൽ മതിപ്പു വില 100 കോടിയിലേറെ വരും. 

പോയസ് ഗാർഡനിൽ താമസക്കാരിയായെത്തുമ്പോൾ പുതുമുഖ നടിയെന്നതു മാത്രമായിരുന്നു ജയലളിതയുടെ മേൽവിലാസം. പിന്നീട്, എംജിആറിന്റെ അമ്മുവായത്, അണ്ണാ ഡിഎംകെ വേദികളിലെ താരോദയമായത്, 43-ാം വയസ്സിൽ തമിഴകത്തിന്റെ മുഖ്യമന്ത്രിയായത്, അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തലതാഴ്ത്തി ജയിലിലേക്കു പോയത്... ഏറ്റവുമൊടുവിൽ, 2016 സെപ്റ്റംബർ 22ന് അവസാനമായി അപ്പോളോ ആശുപത്രിയിലേക്കു പുറപ്പെട്ടത് എല്ലാം ഇവിടെനിന്നായിരുന്നു