T20 World Cup: കിവികള്‍ ചിറകറ്റു വീണു, ഓസ്‌ട്രേലിയ പുതിയ ലോക ചാംപ്യന്‍മാര്‍

T20 World Cup: കിവികള്‍ ചിറകറ്റു വീണു, ഓസ്‌ട്രേലിയ പുതിയ ലോക ചാംപ്യന്‍മാര്‍

ദുബായ്: ഏകദിന ക്രിക്കറ്റിനെ രാജാക്കന്‍മാരായ ഓസ്‌ട്രേലിയ ഒടുവില്‍ കുട്ടി ക്രിക്കറ്റിലും കന്നിക്കിരീടത്തില്‍ മുത്തമുട്ടു. ഐസിസി ടി20 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരില്‍ കന്നി ഫൈനല്‍ കളിച്ച ന്യൂസിലാന്‍ഡിനെ കംഗാരുപ്പട കൊമ്പുകുത്തിക്കുകയായിരുന്നു. ആവേശകരമായ റണ്‍ചേസിനൊടുവില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. 2010ലെ ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കൈവിട്ട ലോകകിരീടം കംഗാരുപ്പട ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു.

ടോസ് ഭാഗ്യം ഒപ്പം നിന്നപ്പോള്‍ തന്നെ ഓസ്‌ട്രേലിയ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഓസീസിന് കിവീസ് നല്‍കിയത്. 173 റണ്‍സായിരുന്നു കന്നി ലോകകിരീടത്തിലേക്ക് ഓസീസിനുണ്ടായിരുന്ന ദൂരം. 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കംഗാരുപ്പട ലക്ഷ്യം കാണുകയും ചെയ്തു. മിച്ചെല്‍ മാര്‍ഷ് (77*), ഡേവിഡ് വാര്‍ണര്‍ (53) എന്നിവരുടെ ഫിഫ്റ്റികളാണ് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വാര്‍ണര്‍ 38 ബോളിലാണ് നാലു ബൗണ്ടറികളൂന്നു സിക്‌സറുമടക്കം 53 റണ്‍സ് അടിച്ചെടുത്തത്. മാര്‍ഷാവട്ടെ 50 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുകളും പായിച്ചു. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ മാര്‍ഷിനൊപ്പം ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു (28*) ക്രീസില്‍. ട്രെന്റ് ബോള്‍ട്ട കിവീസിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി

പാകിസ്താനെതിരായ സെമി ഫൈനലിനു തുല്യമായി മോശം തുടക്കത്തിനു ശേഷമായിരുന്നു ഓസീസ് റണ്‍ചേസില്‍ ഒരിക്കല്‍ക്കൂടി മികവ് കാട്ടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (5) ആദ്യ പവര്‍പ്ലേയില്‍ തന്നെ ഓസീസിനു നഷ്ടമായിരുന്നു. വമ്പനടിക്കു ശ്രമിച്ച അദ്ദേഹത്തെ ബോള്‍ട്ടിന്റെ ബൗളിങില്‍ ഡാരില്‍ മിച്ചെല്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഓസീസ് ഒന്നിന് 15. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ്് സഖ്യം 92 റണ്‍സെടുത്തോടെ കളി ന്യൂസിലാന്‍ഡില്‍ നിന്നും വഴുതി മാറുകയായിരുന്നു. ടീം സ്‌കോര്‍ 107ല്‍ നില്‍ക്കെ അപകടകാരിയായ വാര്‍ണറെ ബൗള്‍ഡാക്കി ബോള്‍ട്ട് കിവീസിനു നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനം ഓസീസിനെ ഉജ്ജ്വല വിജയത്തിലെത്തിക്കുകയായിരുന്നു. വെറും 31 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. ഇതോടെ ഫൈനലിലെ വേഗമേറിയ ഫിഫ്റ്റിയെന്ന ഈ മല്‍സരത്തില്‍ കിവീസ് നായകന്‍ കുറിച്ച കെയ്ന്‍ വില്ല്യംസണിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ മാര്‍ഷ്- മാക്‌സ്വെല്‍ സഖ്യം 66 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിനെ കന്നി കിരീടത്തിലെത്തിക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ന്യൂസിലാന്‍ഡ് നാലു വിക്കറ്റിന് 172 റണ്‍സെടുക്കുകയായിരുന്നു. നായകന്റെ കളി കെട്ടിച്ച വില്ല്യംസണിന്റെ (85) പ്രകടനമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 48 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടു തവണ വില്ല്യംസണിന്റെ ഇന്നിങ്‌സ് കൈവിട്ടത് ഓസീസിനു തിരിച്ചടിയായി മാറി. മാത്യു വേഡും ജോഷ് ഹേസല്‍വുഡുമായിരുന്നു വില്ലിക്കു ജീവന്‍ തിരികെ നല്‍കിയത്. പിന്നീടങ്ങോട്ട് വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു വില്ല്യംസണ്‍ കാഴ്ചവച്ചത്. ഫിഫ്റ്റി തികയ്ക്കാന്‍ 31 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു താരത്തിന്റെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28), ഡാരില്‍ മിച്ചെല്‍ (11), ഗ്ലെന്‍ ഫിലിപ്‌സ് (18) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ജെയിംസ് നീഷാമും (13*) ടിം സെയ്‌ഫേര്‍ട്ടും (8*) പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റുകളെടുത്ത ജോഷ് ഹേസല്‍വുഡാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആദം സാപയ്ക്കു ഒരു നവിക്കറ്റ് ലഭിച്ചു. മൂന്നാം വിക്കറ്റില്‍ വില്ല്യംസണ്‍- ഫിലിപ്‌സ് സഖ്യം ചേര്‍ന്നെടുത്ത 68 റണ്‍സാണ് കിവീസ് ഇന്നിങ്‌സിലെ ഏറ്റവുയര്‍ന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ഗപ്റ്റില്‍- വില്ല്യംസണ്‍ ജോടി 54 റണ്‍സുമെടുത്തിരുന്നു.

ടോസ് ലഭിച്ച ശേഷം രണ്ടാമതൊന്ന് ആലോചിക്കാതെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തി. ന്യൂസിലാന്‍ഡ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പരിക്കേറ്റു പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ ഡെവന്‍ കോണ്‍വേയ്ക്കു പകരം ടിം സെയ്‌ഫേര്‍ട്ട് പ്ലെയിങ് ഇലവനിലേക്കു വന്നു.

ന്യൂസിലാന്‍ഡും ഏറെക്കുറെ സമാനമായി തന്നെ മുന്നേറിയാണ് ഫൈനലിലെത്തിയത്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു അവരുടെ സെമി ഫൈനല്‍ പ്രവേശനം. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച ഓസീസിന് പക്ഷെ ഇംഗ്ലണ്ടിനു മുന്നില്‍ തല കുനിക്കേണ്ടി വന്നു. സെമിയില്‍ അഞ്ചു തുടര്‍ വിജയങ്ങളുമായെത്തിയ ബാബര്‍ ആസമിന്റെ പാകിസ്താനായിരുന്നു ഓസീസിന്റെ എതിരാളികള്‍. പാകിസ്താന്‍ ഉറപ്പായും ജയിക്കുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ഓസീസ് എല്ലാ പ്രവചനങ്ങളും തെറ്റിച്ചു. അഞ്ചു വിക്കറ്റിനു പാകിസ്താന്റെ കഥ കഴിച്ച് കംഗാരുപ്പട ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു.

ന്യൂസിലാന്‍ഡിന്റെ കാര്യമെടുത്താല്‍ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലായിരുന്നു അവര്‍ ഉള്‍പ്പെട്ടിരുന്നത്. ആദ്യ കളിയില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു അവര്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത മല്‍സരങ്ങളില്‍ ഇന്ത്യ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെ പരാജയപ്പെടുത്തിയ കിവീസ് ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി സെമിയില്‍ കടന്നു. ഗ്രൂപ്പ് ഒന്നില്‍ നിന്നും വിജയികളായി മുന്നേറിയ ഇംഗ്ലണ്ടായിരുന്നു സെമിയിലെ എതിരാളികള്‍. ഫേവറിറ്റുകളായിരുന്ന ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനു തുരത്തി ന്യൂസിലാന്‍ഡ് ആദ്യമായി ഫൈനലില്‍ ഇടം നേടുകയായിരുന്നു.