നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു; അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു; അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം  സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി  ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത്  തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള  നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  കഴിഞ്ഞ ദിവസം കോടതിയെ അറിയIച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.

കേസിൽ സർക്കാരിന്റെ പിന്തുണ തേടി അതിജീവിത ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി.

അഞ്ച് വർഷത്തെ പോരാട്ടത്തിൽ ഇത് ആദ്യമായി നേരിട്ടാണ് അതിജീവിത പൊതുമധ്യത്തിലെത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് മുഖ്യമന്ത്രിയുമായുള്ള സുപ്രധാന കൂടിക്കാഴ്ച. മൂന്ന് പേജുള്ള നിവേദനം മുഖ്യന്ത്രിക്ക് നടി കൈമാറി. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം എന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർത്തിയവർക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മുമ്പിൽ വിതുമ്പിയ നടിയെ മുഖ്യമന്ത്രി ചേർത്തുനിർത്തി. എല്ലാക്കാലത്തും അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് ഉറപ്പ് നൽകി.അന്വേഷണത്തിന്‍റെ തുടക്കം മുതൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ മുഖ്യമന്ത്രി അറിയിച്ചു. തനിക്കെതിരായ സിപിഎം നേതാക്കളുടെ പരമാർശങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊന്നുപിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിപ്പിച്ചു. ഇനി ഈ കേസിൽ എന്ത് ചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കെയാണെങ്കിലും, പോരാട്ടിൽ പിന്നോട്ടില്ലെന്ന കൃത്യമായ സന്ദേശത്തടെയാണ് നടി ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്.