എല്ലാ സ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വേണം, പുതിയ നേതാക്കൾ വരണം', നേതൃത്വത്തോട് തരൂർ

എല്ലാ സ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വേണം, പുതിയ നേതാക്കൾ വരണം', നേതൃത്വത്തോട് തരൂർ

ദില്ലി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിൽ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന് ഒരു നിര നിർദേശങ്ങൾ തരൂർ നൽകുന്നത്. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ ആവശ്യപ്പെടുന്നു. 

'വെല്ലുവിളി ഏറ്റെടുക്കണം' എന്ന തലക്കെട്ടിൽ വിവിധ ദിനപത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ മോദിയെയും ബിജെപിയെയും വിമർശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാൻ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂർ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂർ ഓർമപ്പെടുത്തുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോൺഗ്രസ് തുടരണം. 

യുവനേതൃത്വം വരട്ടെ

അടിസ്ഥാനഘടകം മുതൽ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയിൽ എത്തിച്ച് കോൺഗ്രസ് നവചൈതന്യം ആർജിക്കേണ്ടതുണ്ട്. തങ്ങളുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്ന ഒരു സർക്കാരിനെ നയിക്കാൻ കോൺഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണം. തീർച്ചയായും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ സാധിക്കുമെന്ന് കോൺഗ്രസിന്‍റെ അടിസ്ഥാനതത്വങ്ങൾ തന്നെ ഉറപ്പ് നൽകുന്നുണ്ട്. അക്കാര്യം നമ്മൾ രാജ്യം മുഴുവൻ കേൾക്കേ അഭിമാനത്തോടെ വിളിച്ച് പറയണം. 

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുംവിധം ഭാവിയിലേക്കുള്ള കാഴ്ചപ്പാട് രൂപീകരിക്കണം. 45 ശതമാനം വോട്ടർമാർ 35 വയസ്സിൽ താഴെയുള്ളവരാണ്.നമ്മൾ എന്ത് ചെയ്തുവെന്നും എന്ത് ചെയ്യുമെന്നും അറിയാൻ അവർക്ക് അവകാശമുണ്ട്. വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയുടെ കാര്യത്തിൽ കോൺഗ്രസ് ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ക്രിയാത്മകമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കും വിധം ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും കേന്ദ്രത്തിൽ അവയ്ക്കായി സമ്മർദ്ദം ചെലുത്തുകയും വേണം - തരൂർ ലേഖനത്തിൽ പറയുന്നു. (കടപ്പാട്: മാതൃഭൂമി)

തൽക്കാലം പ്രതിഷേധമില്ല

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥിതി വിലയിരുത്താൻ ഇന്നലെ ദില്ലിയിൽ ചേർന്ന കോൺഗ്രസ് പ്രവ‍ർത്തകസമിതി യോഗത്തിൽ കാര്യമായൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം. സോണിയയിൽ പൂർണവിശ്വാസം രേഖപ്പെടുത്തി യോഗം പിരിഞ്ഞു. പ്രതിഷേധത്തിൽ ഗാന്ധി കുടുംബം രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തകസമിതി അത് തടഞ്ഞു. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ യോഗത്തിൽ പ്രതിഷേധിച്ചില്ല. 

എന്നാൽ പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ചില സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് ജി-23 നേതാക്കൾ മുമ്പോട്ട് വച്ചു. അനുഭവസമ്പത്തുള്ളയാളായിരിക്കണം സംഘടനാകാര്യങ്ങൾ നിയന്ത്രിക്കേണ്ടത്. കെ സി വേണുഗോപാലിനെതിരെ തുറന്ന വിമർശനം തന്നെ യോഗത്തിലുയർന്നു. ഒരു സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്കും മറ്റ് പാർട്ടികളിൽ നിന്ന് വന്നവർ നേരിട്ട് എത്തരുത്. വർക്കിംഗ് പ്രസിഡന്‍റ് നിയമനം അവസാനിപ്പിക്കണം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി അതീവ ഗുരുതരമെന്ന് വിലയിരുത്തിയ നേതൃത്വം ആസൂത്രണത്തിലെ പിഴവ് സമ്മതിച്ചു. ആത്മപരിശോധന നടത്തും. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്‍റെ പിഴവാണെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. സംഘടനാ ദൗർബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടല്‍ ഉണ്ടാകും. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്ഥാന ത്യാഗത്തിന് തയ്യാറാണെന്ന് സോണിയ ഗാന്ധി അറിയിച്ചു. എന്നാല്‍ കടുത്ത നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട പ്രവർത്തക സമിതി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബം തുടരണമെന്നാവശ്യപ്പെട്ടു. പൂർണപിന്തുണ നൽകാനും ഭൂരിഭാഗം അംഗങ്ങളും തീരുമാനിക്കുകയും ചെയ്തു. 

ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. വിമതസംഘം മുന്നോട്ട് വയ്ക്കുന്ന എല്ലാ നിർദേശങ്ങളും അംഗീകരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പ് നൽകി. ഇതനുസരിച്ചാണ് സംഘടനാ സംവിധാനത്തിൽ നിർണായക ഭേദഗതികൾ ആവശ്യപ്പെട്ട് ജി 23 ചില നിർദേശങ്ങൾ സമർപ്പിച്ചത്.