ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്രസഭയിൽ യുക്രൈനും റഷ്യയും നേർക്കുനേർ

ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്രസഭയിൽ യുക്രൈനും റഷ്യയും നേർക്കുനേർ

ന്യൂയോർക്ക്: ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേർ. റഷ്യയുടേത് ആണവ ഭീകരവാദമെന്ന് യുക്രൈൻ ആരോപിച്ചു. റഷ്യൻ അധിനിവേശം ആഗോള സമാധാനത്തിന് ഭീഷമിയാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. രാജ്യത്തെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തതിനെ യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കി വിമര്‍ശിച്ചു.

സപ്രോഷ്യയ്ക്ക് പിന്നാലെ മറ്റൊരു ആണവ നിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുകയാണെന്ന അമേരിക്കന്‍ അംബാസിഡറുടെ ആരോപണം ഏറ്റുപിടിച്ചാണ് യുഎന്‍രക്ഷാസമിതിയില്‍യുക്രൈൻ വാക്പോര് തുടങ്ങിയത്. ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രെയ്ൻ പ്രതിനിധി തുറന്നടിച്ചു. ഇത് മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രചാരണം നുണയാണെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി മറുപടി നല്‍കി.

ആണവ നിലയത്തിന്‍റ പരിസരത്ത് വച്ച് യുക്രൈൻ അട്ടിമറി സംഘം റഷ്യൻ സേനയ്ക്കെതിരെയാണ് വെടിയുതിർത്തത്. ഇതേ തുടര്‍ന്നാണ് പ്രത്യാക്രമണം ഉണ്ടായത്. നിലയത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താനല്ല, സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ വിശദീകരിച്ചു. സപ്രോഷ്യ ആണവ നിലയത്തില്‍ റഷ്യ നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇതോടെ പുടിന്‍റെ ഭീകരവാഴ്ച ഒരു പടികൂടി കടന്നെന്നും അമേരിക്കന്‍ പ്രതിനിധി കുറ്റപ്പെടുത്തി. 

റഷ്യൻ അധിനിവേശം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ആവര്‍ത്തിച്ച അമേരിക്കന്‍പ്രസിഡന്റ് സ്വയം പ്രതിരോധത്തിനായി യുക്രൈനെ സഹായിക്കേണ്ടി വരുമെന്നും അറിയിച്ചു. റഷ്യന്‍ ആക്രമണം തടയാന്‍ യുക്രൈൻ്റെ വ്യോമ മേഖലയെ നോ ഫ്ലൈ സോണാക്കി മാറ്റണമെന്ന ആവശ്യം നാറ്റോ നിഷേധിച്ചതിനെ സെലന്‍സ്കി വിമര്‍ശിച്ചു. യുക്രൈന് മുകളിൽ വീണ്ടും ബോംബ് വർഷിക്കാനുള്ള പച്ചക്കൊടിയാണ് ഇതെന്ന് സെലൻസ്കി പറഞ്ഞു. ലോകം കാഴ്ചക്കാരാകാതെ സഹായിക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.