വ്യാജ രേഖ ചമച്ച് സഹോദരന്മാർ ഭൂമി ഭാര്യമാരുടെ പേരിലേക്ക് മാറ്റി; നീതി തേടി ഓഫീസുകൾ കയറിയിറങ്ങി ജയകുമാർ

വ്യാജ രേഖ ചമച്ച് സഹോദരന്മാർ ഭൂമി ഭാര്യമാരുടെ പേരിലേക്ക് മാറ്റി; നീതി തേടി ഓഫീസുകൾ കയറിയിറങ്ങി ജയകുമാർ

ഇടുക്കി: സഹോദരന്മാർ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത ഭൂമി തിരികെ കിട്ടാൻ മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശിയായ ജയകുമാർ. മുത്തച്ഛൻ നൽകിയ ഭൂമിയാണ് സഹോദരന്മാർ ജയകുമാറിൻറെ അറിവില്ലാതെ അവരുടെ ഭാര്യമാരുടെ പേരിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെ കോടതിയുടെ കനിവിനായി കാത്തിരിക്കുകയാണ് ജയകുമാർ.

തെങ്ങുകയറിയും ആടു വളർത്തിയും കിട്ടുന്ന തുച്ഛമായ തുകയാണ് ജയകുമാറിൻറെ വരുമാനം. അച്ഛനും ജയകുമാറിനും രണ്ടു സഹോദരന്മാർക്കുമായാണ് തൂക്കുപാലത്തെ രണ്ടേക്കർ പതിനെട്ടു സെൻറ് സ്ഥലം മുത്തച്ഛൻ ഇഷ്ടദാനമായി നൽകിയത്. 2007 ഈ സ്ഥലം ഈടു വച്ച് വായ്പയെടുത്തിരുന്നു. ഇതിനു ശേഷമാണ് സഹോദരൻ അജയകുമാർ തൻറെ പേരിൽ മുക്ത്യാർ തയ്യാറാക്കിയത്. ഈ മുക്ത്യാർ ഉപയോഗിച്ച് രണ്ടേക്കർ സ്ഥലം 2019 ൽ അജയ കുമാറിൻറെയും സഹോദരൻ ബിജുകുമാറിൻറെയും ഭാര്യമാരുടെ പേരിലേക്ക് മാറ്റി. അജയകുമാറും ബിജുകുമാറിൻറെ ഭാര്യ ബിന്ദുവും സർക്കാർ ഉദ്യോഗസ്ഥരുമാണ്.

കയറിക്കിടക്കാൻ ആകെയുണ്ടായിരുന്ന  തകർന്ന വീട്ടിൽ നിന്നും ഏതു നിമിഷവും ഇറങ്ങിക്കൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജയകുമാര്‍. ഇതിനെല്ലാം പുറമെ സഹോദരന്മാരുടെയും ഭാര്യമാരുടെയും ഭീഷണിയുമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി ഒടുവിൽ നെടുംകണ്ടം കോടതി ഇടപെട്ട് സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിട്ടു. ജയകുമാറിൻറെ വിരലടയാളവും ഒപ്പും ശേഖരിച്ച്  പൊലീസ് പരിശോധനക്ക് അയച്ചിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളും പിടിച്ചെടുത്തു. അതേ സമയം വായ്പയെടുത്ത സമയത്ത് മുക്ത്യാർ തയ്യാറാക്കാൻ ജയകുമാർ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും ഭൂമിയുടെ ആറിലൊരു ഭാഗം വേണമെങ്കിൽ നൽകാൻ തയ്യാറാണെന്നുമാണ് സഹോദരൻ ബിജുകുമാർ പറയുന്നത്.