നന്ദി ഹില്‍സില്‍ ട്രക്കിങ്ങിനിടെ 19 കാരന്‍ 300 അടി താഴ്ചയിലേക്ക് വീണു; വ്യോമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി

നന്ദി ഹില്‍സില്‍ ട്രക്കിങ്ങിനിടെ 19 കാരന്‍ 300 അടി താഴ്ചയിലേക്ക് വീണു; വ്യോമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി

പാലക്കാട്ട് കുറുമ്പാച്ചി മലയില്‍ 600 അടി ഉയരത്തില്‍ കുടിങ്ങിപ്പോയ ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു രക്ഷപ്പെടുത്തല്‍. ഇത്തവണ  കര്‍ണ്ണാടക ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ നന്ദി ഹില്ലിൽ നന്ദി ഹില്‍സിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് കര്‍ണ്ണാടകയിലെ നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക്  19 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് വീണത്. രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പൊലീസും പങ്കെടുത്തു. വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. 
 ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന ഡൽഹി സ്വദേശിയായ 19 കാരൻ  നിഷാങ്കാണ്  (Nishank) പാറയിടുക്കിലേക്ക് വീണത്. ട്രെക്കിങ്ങിന് ഒറ്റയ്ക്ക് പോയ നിശാങ്ക് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. താഴേക്ക് തെന്നി വീഴുന്നതിനിടെ പാറയിടുക്കില്‍ നിഷാങ്ക് കുടുങ്ങിക്കിടന്നു. 300 അടി മുകളിലുള്ള പാറയിടുക്കിലേക്കാണ് നിഷാങ്ക് വീണതെന്ന് ചിക്കബെല്ലാപുര പൊലീസ് സൂപ്രണ്ട് ജികെ മിഥുൻ കുമാർ പറഞ്ഞു. നിഷാങ്ക് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശമയച്ച് വീഴ്ചയെകുറിച്ചറിയിച്ചത്. തുടര്‍ന്ന് തന്‍റെ ലൊക്കേഷനും നിഷാങ്ക് പൊലീസിന് കൈമാറി. ഉടൻ തന്നെ എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്ന വന്‍ പൊലീസ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും നിഷാങ്കിനെ രക്ഷപ്പെടുത്താനായില്ല. 

ഇതേ തുടര്‍ന്നാണ് ഞങ്ങള്‍ വ്യോമസേനയുമായി ബന്ധപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. ചിക്കബല്ലപ്പൂര്‍ ജില്ലാ കളക്ടർ, ഒരു യുവ ട്രെക്കർ നന്ദി ഹിൽസിലെ ബ്രഹ്മഗിരി പാറക്കെട്ടില്‍  300 അടി താഴ്ച്ചയില്‍ കുടുങ്ങി എന്നറിയിച്ച് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് ഒരു എസ്ഒഎസ് സന്ദേശം അയച്ചതായി പ്രതിരോധ വകുപ്പിന്‍റെ പിആര്‍ഒ പറഞ്ഞു. 

ഉടനെ തന്നെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ഒരു M i17 ഹെലികോപ്റ്റർ അയച്ചു. പൊലീസിന്‍റെ മാർഗ്ഗനിർദ്ദേശത്തോടെ തീവ്രമായ തിരച്ചിലിന് ശേഷം വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചു. 

ഭൂപ്രദേശത്തിന്‍റെ പ്രത്യേകത വച്ച് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു.  ഇതേ തുടര്‍ന്ന് Mi17 ന്‍റെ ഫ്ലൈറ്റ് ഗണ്ണർ ട്രെക്കറിനടുത്ത് ഒരു വിഞ്ച് ഉപയോഗിച്ച് താഴ്ത്തി. ഇതോടെ വീണു കിടക്കുന്ന വിദ്യാര്‍ത്ഥിക്കടുത്തേക്ക് കയര്‍വഴി ഇറങ്ങിച്ചെല്ലാനും അദ്ദേഹത്തെ രക്ഷപ്പെടുത്താനും സാധിച്ചെന്ന് പ്രതിരോധ വകുപ്പിന്‍റെ പിആര്‍ഒ അറിയിച്ചു. 

തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഹെലികോപ്റ്ററില്‍ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിലെത്തിക്കുകയും വിദഗ്ദപരിശോധനയ്ക്ക വിധേയമാക്കുകയും ചെയ്തു. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനെ തുടര്‍ന്ന് നിഷാങ്കിനെ അടുത്തുള്ള സിവിൽ ഹോസ്പിറ്റലിലേക്ക മാറ്റി.

പാലക്കാട് ജില്ലയിലെ മലമ്പുഴയ്ക്കടുത്തുള്ള കുറുമ്പാച്ചി മലനിരകളില്‍ ബാബു കുടുങ്ങിക്കിടന്നപ്പോള്‍ 46 മണിക്കൂറെടുത്താണ് രക്ഷപ്പെടുത്താനായത്.